മുറിഞ്ഞകൽ അപകടം; നാലുപേർക്കും ഇന്ന് വിട
text_fieldsകോന്നി: കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് ജന്മനാട് വ്യാഴാഴ്ച വിട നൽകും. മല്ലശ്ശേരി പുത്തെതുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ (60), മകൻ നിഖിൽ ഈപ്പൻ (29), നിഖിലിന്റെ ഭാര്യ അനു ബിജു (26), അനുവിന്റെ പിതാവ് പുത്തൻകിഴക്കേതിൽ വീട്ടിൽ ബിജു പി. ജോർജ് (58) എന്നിവരുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച പൂംകാവ് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ നടക്കും.
രാവിലെ എട്ടു മുതൽ 12 വരെ പള്ളിയിലെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 12.30ഓടെ പള്ളിയിലാണ് സംസ്കാരം നടക്കുക. സംസ്കാര ചടങ്ങിൽ നിരവധി പേർ പങ്കെടുക്കും. ഞായറാഴ്ച പുലർച്ചയാണ് അപകടം നടന്നത്. രണ്ടാഴ്ച മുമ്പ് വിവാഹിതരായ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ മുറിഞ്ഞകൽ എസ്.എൻ.ഡി.പി ജങ്ഷനിൽ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ആന്ധ്രയിൽനിന്ന് എത്തിയ ശബരിമല തീർഥടകർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അനുശോചനമറിയിച്ച് ക്ലീമിസ് ബാവയെത്തി
കോന്നി: മുറിഞ്ഞകല്ലിൽ കാർ അപകടത്തിൽ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം നാടിനും കുടുംബത്തിനും വലിയ വേദനയാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മലങ്കര സുറിയാനി കത്തോലിക്ക സഭ തലവൻ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കത്തോലിക്ക ബാവ പറഞ്ഞു.
കഴിഞ്ഞ ദിവസം മുറിഞ്ഞകല്ലിൽ കാറും അയ്യപ്പഭക്തരുടെ വാഹനവും കൂട്ടിയിടിച്ചാണ് മല്ലശ്ശേരി പുത്തെതുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ (60), മകൻ നിഖിൽ ഈപ്പൻ (29), നിഖിലിന്റെ ഭാര്യ അനു ബിജു (26), അനുവിന്റെ പിതാവ് പുത്തൻകിഴക്കേതിൽ വീട്ടിൽ ബിജു പി. ജോർജ് (58) എന്നിവർ മരിച്ചത്.

