സഹോദരനെ അമ്മിക്കല്ലിനിടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
text_fieldsമട്ടാഞ്ചേരി: ഇളയ സഹോദരനെ അമ്മിക്കല്ലിനിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂത്ത സഹോദരനെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. ചുള്ളിക്കല്‍ മദര്‍ തെരേസ ജംഗ്ഷനില്‍ വാരിക്കാട്ട് വീട്ടില്‍ ബാബുവെന്ന് വിളിക്കുന്ന വിന്സെൻറിനെയാണ് (56) പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷ്, തോപ്പുംപടി എസ്.ഐ സി. ബിനു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരനായ നെല്‍സനെയാണ് (43) ദാരുണമായി കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അവിവാഹിതനായ നെല്‍സനും പ്രായമായ മാതാവ് ലീലയും പ്രതിയും ഒരു വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. രാത്രി മദ്യപിച്ച് സഹോദരനുമായി വഴക്കിട്ട പ്രതി കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ വീട്ടിലെ അമ്മിക്കല്ല് എടുത്ത് നെല്‍സന്‍റെ നെഞ്ചിനും തോളെല്ലിലും തലയുടെ പിന്‍ഭാഗത്തും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാരിയെല്ലുകളും തോളെല്ലും തകര്‍ന്നു. നാട്ടുകാർ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് ആദ്യം കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പത്ത് മണിയോടെ മരണപ്പെടുകയായിരുന്നു.
അമ്മിക്കല്ലുകൊണ്ടുള്ള ഇടിയുടെ ശക്തിയിൽ ഹൃദയത്തിനേറ്റ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന് ശേഷം വീടിന് സമീപത്തെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഒളിച്ചിരുന്ന പ്രതി പുലര്‍ച്ചെ തോപ്പുംപടിയില്‍ നിന്ന് ബസ് കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇവരുടെ മറ്റൊരു സഹോദരനായ മില്‍ട്ടനെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കത്തിക്ക്കുത്തി കൊലപ്പെടുത്തിയിരുന്നു.
മൃതദേഹം വീട്ടിലെ മുറിക്കുള്ളില്‍ ഒളിപ്പിച്ച ശേഷം കര്‍ണ്ണാടക ഉള്‍പ്പെടുയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് പൊലീസ് അന്ന്അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാന്‍റില്‍ കഴിയവേ നാല് മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട അമ്മിക്കല്ല് വീട്ടിലെ അലമാരക്ക് പിറകില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കണ്ണൂര്‍ സ്വദേശിനിയായ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും നേരത്തെ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മട്ടാഞ്ചേരി അസിഃകമ്മീഷ്ണര്‍ എസ്.വിജയന്‍,പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി.അനീഷ്,തോപ്പുംപടി സബ് ഇൻസ്പെക് ടർ.സി.ബിനു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
