കുതിരവട്ടത്തുനിന്ന് ചാടിയ കൊലക്കേസ് പ്രതി കാണാമറയത്ത്
text_fieldsലുക്കൗട്ട് നോട്ടീസിലെ ചിത്രം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിരക്ഷപ്പെട്ട കൊലക്കേസ് പ്രതി പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കാണാമറയത്ത് തുടരുന്നു. രണ്ടു ദിവസമായിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ മെഡിക്കൽ കോളജ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മുമ്പ് ഒരുതവണ ചാടിപ്പോവുകയും രണ്ടുതവണ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത, പ്രമാദമായ കേസിലെ പ്രതി വീണ്ടും ചാടിപ്പോയതും ഇയാളെ കണ്ടെത്താൻ കഴിയാത്തതും പൊലീസിന് കനത്ത തലവേദനയായിരിക്കുകയാണ്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണത്തിന് സംവിധാനങ്ങളില്ലാത്തതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്. പെരിന്തൽമണ്ണയിലെ ദൃശ്യകൊലക്കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദാണ് (26) മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച രാത്രി 11ഓടെ കടന്നത്. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണത്തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് ഡിസംബർ 10ന് വീണ്ടും കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിരന്തരം രക്ഷപ്പെടാൻ ശ്രമിക്കുന്നയാളാണ് പ്രതി. 2021ൽ അറസ്റ്റുചെയ്ത് കൊണ്ടുവരുന്നതിനിടെ കോഴിക്കോട് പയ്യോളിയിൽവെച്ച് വാഹനത്തിൽനിന്ന് കടന്നുകളയാൻ ശ്രമിച്ചിരുന്നു. 2022ൽ കുതിരവട്ടം ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് കർണാടകയിലെ ധർമസ്ഥലയിൽവെച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. 2023 ജൂലൈയിൽ കുതിരവട്ടം ആശുപത്രിയിൽനിന്ന് കുളിപ്പിക്കാൻ പുറത്തിറക്കിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോമ്പൗണ്ടിനകത്ത് വെച്ചുതന്നെ സാഹസികമായി പിടികൂടുകയായിരുന്നു.
ഇത്തരത്തിൽ നിരന്തരം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങളൊരുക്കാത്തതും കടുത്ത ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. 2021 ജൂണിലാണ് എൽഎൽ.ബി വിദ്യാർഥി ദൃശ്യയെ വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പ്രതി വെട്ടിക്കൊന്നത്. കുതിരവട്ടത്ത് മൂന്നാം വാർഡിന്‍റെ ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തിയ പ്രതി ചുറ്റുമതിൽ ചാടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

