നഗരസഭ കൗൺസിലർ വധം; ഒന്നാം പ്രതി പിടിയിൽ
text_fieldsമഞ്ചേരി: മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാക്കയെ (57) കൊലപ്പെടുത്തിയ കേസില്‍ വിധി പറയാന്‍ വെച്ച ദിവസം ഒളിവിൽ പോയ ഒന്നാം പ്രതി പിടിയിൽ. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചുവിനെയാണ് (29) നെല്ലിക്കുത്ത് ഭാഗത്തുനിന്ന് മഞ്ചേരി പൊലീസ് പിടികൂടിയത്. കേസിന്റെ വിധി പറയാൻ വെച്ച വ്യാഴാഴ്ച ഇയാൾ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതോടെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി ഇയാളെ പെട്ടെന്ന് കണ്ടെത്താൻ പൊലീസിന് നിർദേശം നൽകി. ഡിവൈ.എസ്.പിയുടെ കീഴിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ മഞ്ചേരി എസ്.ഐ പി. ആഷിഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ച പ്രതി കോടതിയിലേക്ക് എന്നു പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ, മഞ്ചേരിയിലെത്തിയ ഇയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. കോയമ്പത്തൂർ, സേലം ഭാഗങ്ങളിൽ കറങ്ങിയ ശേഷം ഞായറാഴ്ച പുലർച്ചെ വീട്ടിലേക്ക് എത്തുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് നടത്തിയ പരിശോധനയിലാണ് ഷുഹൈബ് പിടിയിലായത്.
നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവർ രണ്ടുപേരും വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നെങ്കിലും ഒന്നാം പ്രതി മുങ്ങിയതോടെ കേസ് മാറ്റിവെക്കുകയായിരുന്നു. വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിച്ച കോടതി ഒന്നാം പ്രതിയുടെ രണ്ടു ജാമ്യക്കാർക്കെതിരെ കേസെടുക്കുകയും ഒരു ലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ആഗസ്റ്റ് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
എ.എസ്.ഐ ദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഉബൈദ്, സലിം, ജുനൈസ്, അനന്തു, ശ്രീരാജ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

