ഗുണ്ടാ കുടിപ്പകയിൽ കരുനാഗപ്പള്ളി
text_fieldsകൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക. വയനകം സംഘവും കടത്തൂർ സംഘവും തമ്മിലുള്ള ഗുണ്ടാപകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മുൻ ജിം സന്തോഷ് കൊലപാതക കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തി മടങ്ങുമ്പോൾ രണ്ടുപേരെകൂടി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. ആ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.
ആളുകളോട് ക്രൂരമായി പെരുമാറുന്ന സ്വഭാവമാണ് അതുലിന്. ഹൽവ ഇഷ്ടമായതിനാലും ഏറെ കഴിക്കുന്നതിനാലും അതുൽ അലുവ അതുലായി. പിന്നീട് ഗുണ്ടാ സംഘങ്ങൾക്കിടയിൽ ഈ പേര് സുപരിചിതമായി. ആളുകളെ ആക്രമിക്കുമ്പോൾ ചുറ്റിക കൊണ്ട് കാൽമുട്ട് അടിച്ചു തകർക്കുന്നതാണ് അതുലിന്റെ രീതി. പിന്നീട് ഏഴുന്നേറ്റ് നടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ജിം സന്തോഷിന്റെ സുഹൃത്തായിരുന്ന ഓച്ചിറ സ്വദേശിയുമായി പിണങ്ങിയതോടെ ഇയാളുടെ കൊട്ടേഷൻ ഏറ്റെടുത്താണ് സന്തോഷിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ച് 27ന് പുലർച്ചെ അതുലും സംഘവും പടനായർകുളങ്ങര കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ. സന്തോഷ് കുമാറിനെ (ജിം സന്തോഷ്) (45) വെട്ടിക്കൊലപ്പെടുത്തിയത്. ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശേഷമാണ് കൊലപാതകം നടത്തിയത്. മരിച്ചെന്ന് കരുതി സംഘം മടങ്ങിയെങ്കിലും സന്തോഷ് കുമാർ സ്വയം ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ പോവുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഈ കൊലപാതകത്തിന് മുമ്പ് രണ്ടുപ്രാവിശ്യം കൊലപാതക ശ്രമം നടന്നുവെങ്കിലും രക്ഷപ്പെട്ടു. ആ കേസിൽ തമിഴ്നാട്ടിൽനിന്നാണ് പൊലീസ് അതുലിനെ പിടികൂടിയത്. മറ്റോരു കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സന്തോഷിനെ അതുലും സംഘവും കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയാണ് അതുലിനെ മറ്റോരു ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

