തിരൂരിൽ യുവാവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsതിരൂർ: പുറത്തൂർ പടിഞ്ഞാറെക്കര കാട്ടിലപ്പള്ളിക്കടുത്ത് യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പണ്ടാഴി സ്വദേശി കൊമ്പന്‍തറയില്‍ പരേതരായ മുഹമ്മദ്കുട്ടി -ഹാജറ ദമ്പതികളുടെ മകൻ സ്വാലിഹിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടായി കുട്ട്യാലിക്കടവത്ത് ആഷിഖിനെയാണ് (30) തിരൂർ സി.ഐ എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതികളായ രണ്ടുപേർ ഒളിവിലാണ്. വളർത്തു പ്രാവിനെ നായെക്കൊണ്ട് കടിപ്പിച്ചതിനെ തുടർന്നുണ്ടായ വാക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
മരിച്ച സ്വാലിഹും പരിക്കേറ്റ റഷീദ്, നൗഷീദ് എന്നിവരും വെള്ളിയാഴ്ച രാത്രി ആഷിഖിന്റെ കടയിൽ കയറി മദ്യപിച്ചതും പ്രാവിനെ നായെക്കൊണ്ട് കടിപ്പിച്ചതും ആഷിഖ് ചോദ്യംചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. സംഘത്തിലെ റഷീദിന്റെ നേതൃത്വത്തിൽ ആഷിഖിനെ മർദിക്കുകയും റഷീദ് താക്കോൽകൊണ്ട് ആഷിഖിന്റെ നെറ്റിയിൽ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. സാരമായി മുറിവേറ്റ ആഷിഖ് വീട്ടുകാരോട് പരാതി പറഞ്ഞു. തുടർന്ന് ആഷിഖിന്റെ പിതാവും സഹോദരന്മാരും ഇരുമ്പു ദണ്ഡുമായി റഷീദിന്റെ വീട്ടിൽ പോയെങ്കിലും റഷീദ് വീട്ടിലില്ലാത്തതിനാൽ റോഡിലേക്കിറങ്ങി.
ഇതിനിടെ കാറിൽ വരുകയായിരുന്ന സ്വാലിഹ്, റഷീദ്, നൗഷീദ് എന്നിവരെ തടഞ്ഞുനിർത്തി കാറിൽനിന്നിറക്കി ഇരുമ്പുദണ്ഡുകൊണ്ട് കാലിന് അടിക്കുകയായിരുന്നു. അടിയേറ്റ് ഓടിയ സ്വാലിഹിനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തി. റഷീദും നൗഷീദും അടിയേറ്റ് റോഡിൽ വീണു. ഗരുതര പരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ആഷിഖിനെ ഇവിടെ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവും സഹോദരനും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ആഷിഖിനെ കാട്ടിലപള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് തിരൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

