കാറിടിപ്പിച്ച് കൊല: സി.ഐ.എസ്.എഫ് അന്വേഷണം തുടങ്ങി, ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും
text_fieldsസി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ മൃതദേഹം അങ്കമാലിയിലെ വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം സംസ്കാരത്തിന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുമ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ ജിജോയും അമ്മ റോസ് മരിയയും സഹോദരി അലീനയും
നെടുമ്പാശ്ശേരി: ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടങ്ങി. സി.ഐ.എസ്.എഫ് ഡി.ഐ.ജി (എയർപോർട്ട് സൗത്ത് സോൺ ഹെഡ്ക്വാർട്ടേഴ്സ്) ആർ. പൊന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ശിവ പാണ്ഡെയും ഇവരോടൊപ്പമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡി.ഐ.ജി നെടുമ്പാശ്ശേരിയിലെത്തി.കൊച്ചി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. വിശദമായ അന്വേഷണത്തിനുശേഷമായിരിക്കും തുടർനടപടി.
കേസിൽ പ്രതികളായ കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ വിനയ്കുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരെ കേസിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച് സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിനയ്കുമാർ ദാസ് കുടുംബത്തോടൊപ്പം നെടുമ്പാശ്ശേരിയിൽ ഫ്ലാറ്റിലാണ് താമസം. മോഹൻകുമാർ സി.ഐ.എസ്.എഫ് ക്വാർട്ടേഴ്സിലും. ഡ്യൂട്ടി ക്രമീകരണം സംബന്ധിച്ച് സംസാരിക്കാൻ കാറിൽ കമ്പനി കമാൻഡറുടെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് സംഭവമുണ്ടായതെന്നാണ് ഇരുവരും മൊഴി നൽകിയത്.
വിനയ്കുമാർ ദാസാണ് കാർ ഓടിച്ചിരുന്നത്. ഈ കാർ ഭാര്യയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐവിനുമായി തർക്കമുണ്ടായശേഷം കാർ തിരിച്ചിട്ടത് മോഹൻകുമാറാണ്. ഇതെല്ലാം സി.സി ടി.വി ദൃശ്യങ്ങളിലൂടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഓടിമറഞ്ഞ മോഹൻകുമാർ പിറ്റേന്ന് രാവിലെ ജോലിയിൽ പ്രവേശിച്ചു. ഇതിന് എങ്ങനെ അനുമതി ലഭിച്ചെന്നും ആരാണ് ഇയാൾക്ക് ഒത്താശ നൽകിയതെന്നും അന്വേഷിക്കുന്നുണ്ട്. അന്താരാഷ്ട്ര ടെർമിനലിൽനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സി.ഐ.എസ്.എഫ് എസ്.ഐ വിനയ് കുമാർ ദാസ് (28), കോൺസ്റ്റബിൾ മോഹൻ കുമാർ (31) എന്നിവരെ സർവിസിൽനിന്ന് പിരിച്ചുവിട്ടേക്കും. സംഭവത്തെത്തുടർന്ന് ഇവർ സസ്പെൻഷനിലാണ്. അതേസമയം, അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവർക്കുമെതിരെ സി.ഐ.എസ്.എഫ് ഡി.ഐ.ജി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും നടപടികൾ.
അതിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റൊരു സി.ഐ.എസ്.എഫ് എസ്.ഐക്കെതിരെയും അന്വേഷണം നടക്കും. സംഭവ സ്ഥലത്തുനിന്ന് മുങ്ങിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പുലർച്ച ജോലിക്ക് കയറാനും മറ്റും ഒത്താശ നൽകിയത് ഈ എസ്.ഐയാണെന്ന ആക്ഷേപത്തെത്തുടർന്നാണിത്.
ഈ എസ്.ഐയോട് ചോദ്യംചെയ്യലിന് ഹാജരാകാൻ നെടുമ്പാശ്ശേരി സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം മറച്ചുവെക്കാൻ ശ്രമം നടത്തിയെന്നതിന് തെളിവ് ലഭിച്ചാൽ ഈ എസ്.ഐക്കെതിരെയും നടപടി സ്വീകരിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

