വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി
text_fieldsവീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടിയപ്പോൾ
കോന്നി: വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനു വകയാർ കൈതക്കരയിലാണ് സംഭവം. വകയാർ മുട്ടത്ത് പടിഞ്ഞാറ്റേതിൽ പ്രസന്നകുമാരിയെയാണ് കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് തൃശൂർ ചാവക്കാട് ചെങ്ങശ്ശേരിൽ മാലിക്കിനെയാണ് (28) നാട്ടുകാർ നടത്തിയ തിരച്ചിലിൽ പാപ്പിനി മുരുപ്പ് കോളനി ഭാഗത്തെ കുറ്റിക്കാട്ടിൽനിന്ന് പിടികൂടിയത്. കൈതക്കര അംഗൻവാടിയിലെ ഹെൽപറായ പ്രസന്ന രാവിലെ പാൽ വാങ്ങി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വീട്ടിൽ അതിക്രമിച്ചുകടന്ന യുവാവ് കയർ പ്രസന്നയുടെ കഴുത്തിലേക്ക് എറിഞ്ഞ് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്.
യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ കൂടിയപ്പോൾ മാലിക് വീട്ടിൽനിന്ന് ഇറങ്ങി ഓടി. ഒരാഴ്ചമുമ്പ് പ്രസന്നയുടെ വീടിനു തൊട്ടടുത്ത് കെട്ടിട നിർമാണ തൊഴിലാളിയായി എത്തിയതാണ് യുവാവ്. അന്നു മുതൽ ഇവരുടെ നീക്കം നിരീക്ഷിച്ചാണ് ചൊവ്വാഴ്ച കൊലപ്പെടുത്താൻ ശ്രമിച്ചത്. മോഷണമാണ് കൊലപാതക ശ്രമത്തിനു പിന്നിലെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം.