തട്ടിപ്പുകൾക്ക് പിന്നിൽ മുമ്പും മുരാരി ബാബു
text_fieldsകോട്ടയം: ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു നേരത്തെ ജോലി ചെയ്തിരുന്ന പല ക്ഷേത്രങ്ങളിലും തട്ടിപ്പ് നടത്തിയിരുന്നെന്ന് വിവരം. 28 വർഷങ്ങൾക്ക് മുമ്പ് പൊലീസ് ജോലി ഉപേക്ഷിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാകുന്നത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ക്ലാർക്കായിട്ടായിരുന്നു തുടക്കം.
സ്ഥലം മാറി മറ്റു ക്ഷേത്രങ്ങളിലേക്ക് പോയപ്പോഴും കോട്ടയം ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളായ വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ ആയി എത്തുമായിരുന്നു. പ്രധാനപ്പെട്ട ഈ മൂന്ന് ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതിൽ ക്രമക്കേട് നടന്നിരുന്നതായി പിന്നീട് കണ്ടെത്തിയിട്ടുണ്ട്.
ആനകളെ കരാറെടുക്കുന്നതിൽ മുരാരിക്ക് സ്വന്തം തട്ടിപ്പ് തന്ത്രമുണ്ടായിരുന്നതായും പറയുന്നു. ആനയെ കൊണ്ടുവരാൻ സ്പോൺസർമാരിൽ നിന്നും വൻതുക വാങ്ങി ആന ഉടമകൾക്ക് കുറഞ്ഞ തുക നൽകിയാണ് ഇയാൾ പണം തട്ടിയിരുന്നതായി പറയുന്നത്. ദേവസ്വം ആനകൾക്ക് സുഖമില്ലെന്ന് പറഞ്ഞ് പുറത്തു നിന്ന് ആനകളെ ഏൽപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റുമാനൂർ ക്ഷേത്രത്തിലാണ് മുരാരി ബാബു കൂടുതൽ കാലം ജോലി ചെയ്തത്. ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായതും ശ്രീകോവിലിന് തീപിടിച്ചതും സ്വർണപ്രഭയിലെ മൂന്ന് നാഗപ്പാളികൾ വിളക്കിച്ചേർത്തതും മുരാരി ജോലി ചെയ്ത കാലയളവിലായിരുന്നു. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടനാ അംഗമെന്നുള്ളതും എൻ.എസ്.എസ് കരയോഗം ഭാരവാഹിയെന്ന പദവിയും മുരാരി ബാബുവിന് എപ്പോഴും കവചമായിരുന്നു.
അടുത്തിടെ സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ എൻ.എസ്.എസ് പ്രതിനിധിയെ എത്തിക്കാൻ ഉൾപ്പെടെ ചരടുവലിച്ചത് മുരാരി ബാബുവാണെന്നും ആക്ഷേപമുണ്ട്. അതിന് പുറമെ രണ്ടരക്കോടിയിലേറെ വിലയുള്ള വീട്, മറ്റ് സ്വത്തുക്കൾ എന്നിവയെല്ലാം അഞ്ച് വർഷത്തിനിടെ ഇയാൾ സ്വന്തമാക്കിയെന്നും സമീപവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

