‘ഒരപകടം ഉണ്ടായാൽ ഇവർ ഒറ്റയടിക്ക് മറുകണ്ടം ചാടും; അതുവേണ്ട, കൈയും കാലും കണ്ണും കെട്ടിയുള്ള നീന്തൽ വേണ്ട’ -മുരളി തുമ്മാരുകുടി
text_fieldsകൊച്ചി: നീന്തൽ പരിശീലനം സുരക്ഷിതമായി ചെയ്യേണ്ടതാണെന്നും അങ്ങനെ മാത്രമാണ് ചെയ്യേണ്ടതെന്നും ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. അതിനപ്പുറത്ത് അനാവശ്യമായ റിസ്ക് എടുക്കുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈയ്യും കാലും ബന്ധിച്ച് കുട്ടികളെ പുഴ നീന്തിച്ചുവെന്ന വാർത്ത പങ്കുവെച്ചാണ് തുമ്മാരുകുടിയുടെ കുറിപ്പ്.
‘കാര്യങ്ങൾ നന്നായി പോകുമ്പോൾ കയ്യടിക്കാൻ ആളുകളും റിപ്പോർട്ട് ചെയ്യാൻ ചാനലുകളും കാണും. ഇതിനിടക്ക് ഒരപകടം ഉണ്ടായാൽ ഇവരൊക്കെ ഒറ്റയടിക്ക് മറുകണ്ടം ചാടും. അതോടുകൂടി നിസ്വാർത്ഥമായി ചെയ്തതൊക്കെ കാൻസൽ ചെയ്യുപ്പെടും. അതു വേണ്ട. സുരക്ഷിതമായ നീന്തൽ പരിശീലനം മതി. കൈകെട്ടിയും കാൽ കെട്ടിയും കണ്ണുകെട്ടിയുമുള്ള നീന്തൽ വേണ്ട. കുട്ടികളുടെ മാതാപിതക്കൾ ശ്രദ്ധിക്കുക. പൊലീസും ഫയർഫോഴ്സും മറ്റധികാരികളും ഇത്തരത്തിലുള്ള അനാവശ്യ പ്രകടനങ്ങൾക്ക് അനുവാദം കൊടുക്കരുത്. ചാനലുകളും മാധ്യമങ്ങളും ഇതിനെ പ്രോത്സാഹിപ്പാക്കാതിരിക്കുക. നമുക്ക് നല്ലൊരു സുരക്ഷാ സംസ്കാരമാണ് ഉണ്ടാകേണ്ടത്’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
കൈ കെട്ടി നീന്തൽ വേണ്ട!
കേരളത്തിൽ ഒരു വർഷം 1300 ലധികം ആളുകളാണ് മുങ്ങി മരിക്കുന്നത്. അതിൽ വലിയൊരു ഭാഗം കുട്ടികളാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ വളരുന്ന എല്ലാ കുട്ടികളേയും നീന്തൽ നിർബന്ധമായി പഠിപ്പിക്കണമെന്നാണ് എൻ്റെ അഭിപ്രായവും ആഗ്രഹവും.
ഈ രംഗത്ത് കഴിഞ്ഞ ഇരുപതോളം വർഷമായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഒരാളാണ് എൻ്റെ നാട്ടുകാരനും പരിചയക്കാരനുമായ സജി തോമസ് കുട്ടിയച്ചൻ. അയ്യായിരത്തിന് മുകളിൽ കുട്ടികളെ അദ്ദേഹം നീന്തൽ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് വായിച്ചത്. കേരളത്തിൽ ഇതൊരു റെക്കോർഡ് ആയിരിക്കുമെന്ന് തോന്നുന്നു. ഇത് എനിക്ക് വലിയ സന്തോഷവും വെങ്ങോലക്കാരനായതിൽ അഭിമാനവും ആണ്. ഇത് ഞാൻ പലയിടത്തും പലവട്ടം പറഞ്ഞിട്ടുണ്ട്.
പക്ഷെ കൈയ്യും കാലും ബന്ധിച്ച് കുട്ടികളെ പുഴ നീന്തിക്കുന്ന പ്രകടനാത്മകമായ പരിപാടികൾ അദ്ദേഹം നടത്തുന്നത് കാണുമ്പോൾ അത് തെറ്റും അനാവശ്യവുമാണെന്ന് പറയാതെ വയ്യ. നീന്തൽ പരിശീലനം സുരക്ഷിതമായി ചെയ്യേണ്ടതും ചെയ്യാവുന്നതുമാണ്. അതങ്ങനെയാണ് ചെയ്യേണ്ടത്. അങ്ങനെ മാത്രമാണ് ചെയ്യേണ്ടത്. അതിനപ്പുറത്ത് അനാവശ്യമായ റിസ്ക് എടുക്കുന്നത് തെറ്റാണ്.
കാര്യങ്ങൾ നന്നായി പോകുമ്പോൾ കയ്യടിക്കാൻ ആളുകളും റിപ്പോർട്ട് ചെയ്യാൻ ചാനലുകളും കാണും. ഇതിനിടക്ക് ഒരപകടം ഉണ്ടായാൽ ഇവരൊക്കെ ഒറ്റയടിക്ക് മറുകണ്ടം ചാടും. അതോടുകൂടി നിസ്വാർത്ഥമായി ചെയ്തതൊക്കെ കാൻസൽ ചെയ്യുപ്പെടും. അതു വേണ്ട. സുരക്ഷിതമായ നീന്തൽ പരിശീലനം മതി. കൈകെട്ടിയും കാൽ കെട്ടിയും കണ്ണുകെട്ടിയുമുള്ള നീന്തൽ വേണ്ട.
കുട്ടികളുടെ മാതാപിതക്കൾ ശ്രദ്ധിക്കുക. പോലീസും ഫയർഫോഴ്സും മറ്റധികാരികളും ഇത്തരത്തിലുള്ള അനാവശ്യ പ്രകടനങ്ങൾക്ക് അനുവാദം കൊടുക്കരുത്. ചാനലുകളും മാധ്യമങ്ങളും ഇതിനെ പ്രോത്സാഹിപ്പാക്കാതിരിക്കുക.
നമുക്ക് നല്ലൊരു സുരക്ഷാ സംസ്കാരമാണ് ഉണ്ടാകേണ്ടത്
മുരളി തുമ്മാരുകുടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

