ആയിരം പൂക്കളാൽ മഹാബലിക്കഥയൊരുങ്ങി
text_fieldsകോഴിക്കോട്: ഗൃഹാതുരത്വമുണർത്തുന്ന തിരുവോണക്കാഴ്ചകളെയും പോയകാലത്തെ മലയാളി ജീവിതത്തെയും അടയാളപ്പെടുത്തി ഭീമൻ ചിത്രപൂക്കളമൊരുങ്ങി. കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗർണിക്ക ആർട്ട്ഗാലറിയാണ് ‘ആയിരം പൂക്കളാൽ ഒരു മഹാബലിക്കഥ’ എന്ന പേരിൽ മ്യൂറൽ ഓണപ്പൂക്കളം തയാറാക്കിയത്. മാവേലിയും വാമനനും, പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തലും, മാവേലിയുടെ പ്രജാസന്ദർശനവും, തൃക്കാക്കരയപ്പനും, പൂവിറുക്കുന്ന ബാല്യങ്ങളും നിറഞ്ഞുനിൽക്കുന്നു.
ഓണപ്പൊട്ടനും ഓണസദ്യയും വള്ളംകളിയും പുലിക്കളിയും ഊഞ്ഞാലാടുന്ന യുവതികളുമെല്ലാം ഈ വലിയ കാൻവാസിലുണ്ട്. മലയാള സംസ്കൃതിയുടെ അടയാളപ്പെടുത്തലുകളായ കർഷകനും നെല്ല്കൊയ്യുന്ന സ്ത്രീകളും കുന്നും പുഴയും പുല്ലുമേഞ്ഞ വീടുകളും നിറപറയും നിലവിളക്കുമെല്ലാം ഉണ്ട്. ഏഴ് മീറ്റർ നീളവും മൂന്ന് മീറ്റർവീതിയുമുള്ള കാൻവാസാണ്. സംസ്ഥാന സർക്കാറിെൻറ ഈ വർഷത്തെ ഓണം വാരാഘോഷത്തിെൻറ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ സെപ്റ്റംബർ മൂന്നുമുതൽ ഒമ്പതുവരെ ചിത്രം പ്രദർശിപ്പിക്കും.
ഗർണിക്കയുടെ കൺസെപ്റ്റ് ആൻഡ് ആർട്ട്ഹെഡ് കെ.പി മെഹ്റാബ് ബച്ചനുകീഴിൽ കെ. സുമേഷ്, ദിലീപ്, അനൂപ്, എൻ. ഷാജു എന്നിവർ രണ്ട് മാസമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. സന്ദീപ് ആലിങ്കീൽ ഏകോപനം നിർവഹിച്ചു. ബിലാത്തിക്കുളത്തെ ഗർണിക്കയുടെ താൽകാലിക സ്റ്റുഡിയോയിലാണ് ചിത്രം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
