Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാറിൽ മലയിടിച്ചിൽ ഭീഷണി; മണ്ണും കല്ലും നീക്കാൻ തീവ്രശ്രമം

text_fields
bookmark_border
റിസോർട്ടും വ്യാപാര സ്ഥാപനങ്ങളും അടച്ചു, ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
മൂന്നാറിൽ മലയിടിച്ചിൽ ഭീഷണി; മണ്ണും കല്ലും നീക്കാൻ തീവ്രശ്രമം
cancel
camera_alt

പഴയമൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം മലയിടിച്ചിൽ ഭീതിയെ തുടർന്ന് മണ്ണ് നീക്കം ചെയ്യാനാരംഭിച്ചപ്പോൾ

തൊടുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പഴയ മൂന്നാർ സി.എസ്.ഐ ദേവാലയത്തിന് സമീപം ഭൂമിയിൽ വൻ വിള്ളൽ. അപകടാവസ്ഥയിലുള്ള മണ്ണും കല്ലും മരങ്ങളും അടിയന്തരമായി നീക്കാൻ തീവ്രശ്രമം തുടങ്ങി. അപകട മേഖലക്ക് സമീപം പ്രവർത്തിച്ചിരുന്ന റിസോർട്ടും ഹോട്ടലും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചു.

മലയിടിച്ചിൽ ഭീതിയെ തുടർന്ന് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ബൈപാസ് റോഡ് വഴിയാണ് വാഹനങ്ങൾ മൂന്നാറിലേക്ക് കടത്തിവിടുന്നത്. ഇത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

കഴിഞ്ഞദിവസമാണ്, സി.എസ്.ഐ ദേവാലയത്തിന്റെ ഉടമസ്ഥതയിലുളള മലഞ്ചെരിവിൽ നൂറ് മീറ്ററിനപ്പുറം വിളളൽ രൂപപ്പെട്ട് രണ്ടായി പിളർന്നത്. ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി നിർമാണപ്രവൃത്തികൾ നടന്നുവരവേ ഭൂമിയിലുണ്ടായ ഈ വിളളൽ. തുടർന്ന് ആശങ്കയകറ്റാൻ നടപടികളുമായി അധികൃതർ രംഗത്തിറങ്ങി.


പരിശോധന നടത്തി വിദഗ്ധ സംഘം

ഭൂമിയിൽ വിളളൽ കണ്ടെത്തിയ സംഭവത്തിൽ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡെപ്യൂട്ടി കലക്ടർ ബിനു ജോസഫ്, ദേവികുളം സബ്കലക്ടർ വി.എം. ആര്യ, ജില്ലയുടെ ചുമതലയുളള ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഇതോടൊപ്പം ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘവും പ്രദേശം പരിശോധിച്ചു.

മലഞ്ചെരിവിലുണ്ടായ വിളളലിൽ നീരൊഴുക്കും രൂപപ്പെട്ടതോടെ മഴ ശക്തമായാൽ മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുമെന്ന ആശങ്ക പ്രദശവാസികൾ ഉയർത്തുകയും ചെയ്തു. ഇതടക്കമുളള കാര്യങ്ങൾ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഇതിനെ തുടർന്നാണ് ഭീതി ഒഴിവാക്കാൻ തുടർനടപടികൾ ആരംഭിച്ചത്.

മൂന്ന് ദിവസത്തിനകം മണ്ണ് നീക്കും

മലയിടിച്ചിലുമായി ബന്ധപ്പെട്ട് ആശങ്കയൊഴിവാക്കാനുളള ശ്രമങ്ങൾക്കാണ് ജില്ല ഭരണകൂടം നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി വിളളലുണ്ടായ പ്രദേശത്തിന് താഴെ അപകടാവസ്ഥയിലുളള ഭാഗത്തെ മണ്ണും കല്ലും നീക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. മൂന്ന് ദിവസമാണ് ഇതിനായി നൽകിയിട്ടുളള സമയം.

ഈ പ്രവൃത്തി പൂർത്തിയാക്കി വെള്ളിയാഴ്ചയോടെ ദേശീയ പാതയിലൂടെയുളള ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതോടൊപ്പം വിളളലുണ്ടായ ഭൂമിയുടെ മുകൾ ഭാഗത്ത് അപകട ഭീഷണിയിലുളള ആറ് മരങ്ങൾ മുറിച്ച് മാറ്റാനും നിർദേശിച്ചു. ഈ പ്രവൃത്തിയും അടിയന്തരമാ‍യി പൂർത്തീകരിക്കും.

കുരുക്കിൽ വലഞ്ഞ് മൂന്നാർ

മലയിടിച്ചിൽ ഭീതിയെ തുടർന്ന് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബൈപാസ് റോഡ് വഴിയാണ് വാഹനങ്ങൾ മൂന്നാറിലേക്ക് കടത്തിവിടുന്നത്. സീസൺകാലത്ത് മൂന്നാറിൽ രൂക്ഷമായിരുന്ന ഗതാഗതക്കുരുക്ക് പുതിയ നിയന്ത്രണത്തോടെ ഏറെ ദുസ്സഹമായി.

ഇതോടൊപ്പം മലയിടിച്ചിൽ ഭീഷണി മൂന്നാറിലെ ടൂറിസം മേഖലക്ക് തിരിച്ചടിയാവുകയാണ്. മഴക്കാലം ആസ്വദിക്കാനായി മൂന്നാറിലേക്ക് ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് രാജ്യത്തിനകത്തും പുറത്ത് നിന്നുമായി എത്തിയിരുന്നത്. മലയിടിച്ചിൽ ഭീഷണിയെ തുടർന്ന് ഗതാഗത നിയന്ത്രണം അടക്കം ഏർപ്പെടുത്തിയത് ഇവരുടെ വരവിനടക്കം പ്രതിസന്ധിയായിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Munnar Landslide Threat Diverts Traffic
Next Story