വിദ്യാർഥികൾ തെരുവിൽ പഠനം തുടങ്ങി; അധികൃതരുടെ ഉറപ്പിൽ പിന്മാറി
text_fieldsമൂന്നാർ: പ്രളയത്തിലും മണ്ണിടിച്ചിലിലും തകർന്ന കോളജിനു പകരം പഠിക്കാന്‍ ക്ലാസ് മുറി ഒരുക്കാത്തതിൽ പ്രതിഷേധിച്ച് തെരുവില്‍ പഠനം ആരംഭിച്ച് മൂന്നാർ ഗവ. കോളജ് വിദ്യാർഥികൾ. മണ്ണിടിഞ്ഞ് തകര്‍ന്ന കെട്ടിടത്തില്‍ അധ്യയനം ആരംഭിക്കുകയോ പകരം സ്ഥിരം സംവിധാനം ഒരുക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടെത്തിയ വിദ്യാർഥികളെ കോളജ് കവാടത്തില്‍ പൊലീസ് തടഞ്ഞതോടെ കുട്ടികള്‍ തെരുവില്‍ പഠനം ആരംഭിക്കുകയായിരുന്നു. ഉടൻ നടപടി സ്വീകരിക്കാമെന്ന ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസിെൻറ ഉറപ്പിനെ തുടര്‍ന്നാണ് ഒടുവിൽ സമരം പിൻവലിച്ചത്.
മൂന്നാര്‍ എൻജിനീയറിങ് കോളജില്‍ ആര്‍ട്സ് കോളജ് വിദ്യാർഥികളുടെ ക്ലാസുകൾ നടത്തുന്നതിന് െഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും പശുത്തൊഴുത്തിന് സമാനമായ കെട്ടിടമാണ് അനുവദിച്ചത്. ആദ്യ വര്‍ഷ വിദ്യാർഥികൾക്ക് സൗകര്യമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല. തിങ്കളാഴ്ച ക്ലാസ് ആരംഭിക്കാതെ വന്നതോടെ ടി.സി വാങ്ങുന്നതിന് ആദ്യവര്‍ഷ വിദ്യാർഥികൾ കോളജില്‍ എത്തി. ക്ലാസ് ബഹിഷ്കരിച്ച് മറ്റുള്ളവരും സമരവുമായി എത്തി. കോളജ് ഡയറക്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത്. ദേവികുളം റോഡിലെ കാലവര്‍ഷത്തില്‍ തകര്‍ന്ന കോളജ് കെട്ടിടത്തില്‍ കയറാന്‍ വിദ്യാർഥികൾ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഇതോടെയാണ് പാതയോരത്തെ കലുങ്കുകളില്‍ കുത്തിയിരുന്ന് പഠനം ആരംഭിച്ചത്. തുടർന്ന് മൂന്നാർ ആര്.ഒ ജങ്ഷനിലെ പാലത്തിലേക്കും സമരം വ്യാപിപ്പിച്ചു.
ദേശീയപാത ഉപരോധിക്കുന്നതടക്കം പ്രതിഷേധങ്ങളിലേക്കും വിദ്യാർഥികൾ കടന്നതോടെ മൂന്നാര്‍ എസ്.ഐ വര്‍ഗീസ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസിനെ ബന്ധപ്പെട്ടു. കുട്ടികളുടെ പ്രശ്നങ്ങളില്‍ തിങ്കളാഴ്ചക്കുള്ളില്‍ പരിഹാരം കാണുമെന്ന് ഇവർ അറിയിച്ചു. ആദ്യവര്‍ഷ വിദ്യാർഥികൾക്കടക്കം പഠിക്കുന്നതിന് സൗകര്യമൊരുക്കുമെന്നും വിദ്യാർഥികൾക്കായി എത്തിച്ച ഇ-ടോയ്ലറ്റുകൾ തുറന്നു കൊടുക്കുമെന്നും പ്രസിഡൻറ് അറിയിച്ചതോടെയാണ് വിദ്യാർഥികൾ പിൻവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
