Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടത്തിക്കോട്...

മുണ്ടത്തിക്കോട് ദുരന്തത്തിൽപെട്ടവർക്ക് സഹായം ഉറപ്പാക്കും -രാജീവ്‌ ചന്ദ്രശേഖർ

text_fields
bookmark_border
മുണ്ടത്തിക്കോട് ദുരന്തത്തിൽപെട്ടവർക്ക് സഹായം ഉറപ്പാക്കും -രാജീവ്‌ ചന്ദ്രശേഖർ
cancel

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽപെട്ടവർക്ക് സഹായം ഉറപ്പാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. നിർമാണ മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ സുരക്ഷ പ്രധാനമാണ്. അതിനായുള്ള ക്രമീകരണം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, ഇന്ന് വൈകീട്ട് നടത്തിയ തെരച്ചിലിൽ ഒരാളുടെ തലയുടെ ഭാഗം കണ്ടെത്തി. കുളവാഴ ഉൾപ്പെടെയുള്ള സ്ഥലത്ത് വെച്ചാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇന്നത്തെ തെരച്ചിലിൽ ആകെ 10 ശരീര ഭാഗങ്ങളാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം പരിമിതപ്പെടുത്തി നടത്താൻ തീരുമാനിച്ചു. വെടിക്കെട്ട് ഒഴിവാക്കി. ഒരു മണിക്കൂർ ദൈർഘ്യമുള്ള കുടമാറ്റം 15 മിനിറ്റായി ചുരുക്കി. ഇത്തവണത്തെ പൂരം എങ്ങനെ നടത്തണമെന്ന് ആലോചിക്കുന്നതിന് സർക്കാർ വിളിച്ച യോഗത്തിലാണ് തീരുമാനം. ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തി. വെടിക്കെട്ട് ഉണ്ടാവില്ല, ആഘോഷപൂർവമുള്ള കുടമാറ്റവും ഇല്ല. 15 മിനിറ്റ് കുടമാറ്റത്തിന് പരമാവധി 10 സെറ്റ് കുടകളാണ് മാറാനാവുക. സാധാരണ ഒരുമണിക്കൂർ ദൈർഘ്യമുള്ള കുടുമാറ്റമാണ് നടത്തുക. 55 സെറ്റ് കുടകൾ ഇരുദേവസ്വങ്ങളും ഈ സമയം കൊണ്ട് മാറുമായിരുന്നു. അതാണ് 10 സെറ്റാക്കി പരിമിതപ്പെടുത്തിയത്.

പൂരത്തിന്റെ മറ്റു ചടങ്ങുകൾ മാറ്റമില്ലാതെ തുടരും. എട്ടു ഘടക പൂരങ്ങളും അവർക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറക്കാതെ അവതരിപ്പിക്കും. ചമയ പ്രദർശനം നടത്തുമെങ്കിലും ആഘോഷപൂർവമായിരിക്കില്ല. നേരത്തെ സാംപിൾ വെടിക്കെട്ട് ഒഴിവാക്കി പൂരം വെടിക്കെട്ടും പകൽ വെടിക്കെട്ടും നടത്തണമെന്ന് പാറമേക്കാവ് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തിൽ പങ്കെടുത്തു. കലക്ടറേറ്റിൽ യോഗത്തിന് മുമ്പ് വി.എൻ വാസവൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് ദേവസ്വം ഭാരവാഹികളെ വിളിച്ചുവരുത്തി സമവായ ചർച്ച നടത്തിയിരുന്നു.

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ പൊലീസ് കേസെടുത്ത നടപടി പൂരം തകർക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെങ്കിലും പ്രധാന രണ്ട് വെടിക്കെട്ടുകളും നടത്തണം. ചർച്ചക്ക് മുമ്പ് പാറമേക്കാവ് ലൈസൻസിക്കെതിരെ കേസെടുത്തത് വേട്ടയാടലാണ്. ദേശക്കാരുടെ പ്രതിനിധി മാത്രമാണ് ദേവസ്വം ഭാരവാഹികൾ. വെടിക്കെട്ട് ഉൾപ്പെടെ നടത്തണമെന്നാണ് ദേശത്തിന്റെ പൊതുവികാരം. ആ വികാരം യോഗത്തിൽ അറിയിക്കാനാണ് ദേശം ചുമതലപ്പെടുത്തിയതെന്നും ജി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

പാറമേക്കാവിന് വേണ്ടി വെടിക്കോപ്പ് ഒരുക്കുന്നത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമാണശാലയിലാണ്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചിറ്റൂർ തഹസീൽദാർ ഇന്നലെ പരിശോധന നടത്തിയിരുന്നു. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളത്. പെസോ മാനദണ്ഡം ലംഘിച്ച് വെടിമരുന്ന് സൂക്ഷിച്ചതായി പരിശോധനില്‍ കണ്ടെത്തി. തുടർന്ന് പാലക്കാട് ജില്ല കലക്ടറുടെ നിർദേശ പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രൻ സ്റ്റോപ്പ് മെമ്മോ നൽകി. ലൈസൻസിക്കെതിരെ കേസെടുക്കുകയും നിർമാണശാല സീൽ ചെയ്യുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP keralacentral governmentdisaster managementRajeev ChandrasekharKerala NewsMundathikkode Fire Accident
News Summary - Assistance will be ensured for those affected by the Mundathikode disaster - Rajeev Chandrasekhar
Next Story