മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: സർക്കാർ വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ഹൈകോടതി സർക്കാറിന്റെയും പൊലീസ് മേധാവിയുടെയും സ്ഫോടക വസ്തു വകുപ്പിന്റെയും വശദീകരണം തേടി. വിഷയം പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് 16 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് ഇവർക്കും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും നോട്ടീസ് ഉത്തരവായത്.
ഏപ്രിൽ 21ന് അപകടമുണ്ടായ വെടിക്കെട്ടുപുരയിൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെന്ന പരാതികളും മാധ്യമവാർത്തകളും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരം സ്വമേധയാ കേസെടുത്തത്. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി തയാറാക്കിയ വെടിക്കോപ്പുകളാണ് പൊട്ടിത്തെറിച്ചത്. ഇത്തരമൊരു വൻ ദുരന്തത്തിന് കാരണം വസ്തുക്കൾ കൈകാര്യം ചെയ്തതിലും നിയമം നടപ്പാക്കുന്നതിലുമുണ്ടായ വീഴ്ചയാണോ എന്നതടക്കമാണ് കോടതി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ മുൻ ഉത്തരവുകളുടെ ലംഘനമുണ്ടായോയെന്നും പരിശോധിക്കും.
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ വിപുലമായ മാർഗനിർദേശങ്ങൾ കോടതി നേരത്തെ നൽകിയിരുന്നു. എന്നാൽ, ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. സ്ഫോടകവസ്തു നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന ആശങ്കയാണ് ഇതുമൂലമുണ്ടാകുന്നത്. നിയമങ്ങൾ കർശനമായി പാലിക്കാൻ മാർഗനിർദേശങ്ങൾ വേണ്ടതുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി വീണ്ടും ജൂൺ 16ന് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

