മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: മരിച്ച നാലുപേരെക്കൂടി തിരിച്ചറിഞ്ഞു
text_fieldsതൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലുണ്ടായ അതിദാരുണ അപകടത്തിൽ കാണാതായ നാല് പേരെക്കൂടി ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കും മറ്റു നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കളുടെ സമ്മതപ്രകാരം വിട്ടുനൽകാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു.
പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശൂർ മനക്കൊടി കൊളാട്ട് വീട്ടിൽ വിജയന്റെ മകൻ വിഷ്ണു വിനോദ് (35), തൃശൂർ കോട്ടപ്പുറം പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശൂർ തെക്കുംകര ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50) എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.
സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡി.എൻ.എ പരിശോധനാഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നിരുന്നു. വിഷയത്തിൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ വൈകീട്ട് ഉത്തരവായി പുറത്തിറക്കി. ഇതിന് പിന്നാലെ ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ രാത്രി 11.15ഓടെ ജില്ല ദുരന്തനിവാരണ അതോറിറ്റിയും യോഗം ചേർന്നു.
ഡി.എൻ.എ പരിശോധന ഫലം, പൊലീസ് റിപ്പോർട്ട്, ഫോറൻസിക് സർജന്റെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ പൂർണമായും ബന്ധുക്കളുടെ സമ്മതത്തോടെയാകും ശരീരഭാഗങ്ങൾ വിട്ടുനൽകുക. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ 10.30ന് തൃശൂർ ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ മരിച്ചവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. ഡി.എൻ.എ ഫലങ്ങളടക്കമുള്ള കാര്യങ്ങൾ കലക്ടർ ബന്ധുക്കളെ ബോധ്യപ്പെടുത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശരീരഭാഗങ്ങൾ ഉടൻ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

