Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുണ്ടംവേലി അപ്പാർട്ട്മെന്‍റ്: ദുരവസ്ഥ വിവരിച്ച് അമിക്കസ് ക്യൂറി; ഞെട്ടി ഹൈകോടതി

text_fields
bookmark_border
മുണ്ടംവേലി അപ്പാർട്ട്മെന്‍റ്: ദുരവസ്ഥ വിവരിച്ച് അമിക്കസ് ക്യൂറി; ഞെട്ടി ഹൈകോടതി
cancel

കൊച്ചി: പേരണ്ടൂർ കനാലോരത്തെ പി.ആൻഡ്.ടി കോളനിയിൽനിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച മുണ്ടംവേലിയിലെ അപ്പാർട്ട്മെന്‍റിന്‍റെ ദുരവസ്ഥയിൽ ഞെട്ടി ഹൈകോടതി. ശൗചാലയത്തിൽനിന്നും അടുക്കളയിൽനിന്നുമുള്ള അഴുക്കുജലം താഴെയുള്ള അപ്പാർട്ടുമെന്‍റുകളിലേക്ക് ഒലിച്ചിറങ്ങുന്നതടക്കം വിശദീകരിക്കുന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

14 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച അപ്പാർട്ട്മെന്‍റിന്‍റെ പുനരുദ്ധാരണത്തിന് അത്രയും കൂടി തുക വേണ്ടിവരുമെന്നാണ് ഓൺലൈനിൽ ഹാജരായ ജില്ല കലക്ടർ ജി. പ്രിയങ്ക അറിയിച്ചത്. കരാറുകാരൻ ഇടക്ക് ഉപേക്ഷിച്ചുപോകുന്ന സ്ഥിതിയുണ്ടായിട്ടും കോടതി ഇടപെടലിലൂടെയാണ് കുറേ വർഷങ്ങളെടുത്തെങ്കിലും അപ്പാർട്ടുമെന്‍റിന്‍റെ നിർമാണം പൂർത്തിയാക്കിയതെന്ന് കോടതി പറഞ്ഞു. ഈ ദുരവസ്ഥക്ക് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. കരാറുകാർക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ല. ഉദ്ഘാടനം ചെയ്യാൻ വേണ്ടി മാത്രമായിരുന്നോ നിർമാണമെന്നും കോടതി ചോദിച്ചു.

81 കുടുംബങ്ങളിലായി 300ലേറെ ആളുകൾ അവിടെ താമസിക്കുന്നുണ്ടാകും. 350 ചതുരശ്ര അടിയാണ് ഒരു ഫ്ലാറ്റ്. കോളനിയിലേക്ക് തന്നെ തിരികെ പോയാൽ മതിയെന്നാണ് താമസക്കാർ പറയുന്നതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. അപ്പാർട്ടുമെന്‍റിൽ താമസിക്കുന്നവരെ ഉടൻ മാറ്റിപ്പാർപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു. മന്ത്രിതലത്തിൽ തീരുമാനം വേണ്ടതുണ്ട്. മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധരുടെ സഹായമടക്കം തേടിയിട്ടുണ്ട്. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലടക്കം നിലപാട് അറിയിക്കാൻ സർക്കാറിനും മറ്റ് എതിർകക്ഷികൾക്കും കോടതി നിർദേശം നൽകി.

താമസക്കാരെ ഉടൻ മാറ്റി പാർപ്പിക്കണം

കൊച്ചി: മുണ്ടംവേലിയിലെ അപ്പാർട്ടുമെന്‍റിൽനിന്ന് താമസക്കാരെ ഉടൻ മാറ്റി പാർപ്പിക്കണമെന്ന റിപ്പോർട്ടാണ് അമിക്കസ് ക്യൂറി അഡ്വ. ഗോവിന്ദ് പത്മനാഭൻ ഹൈകോടതിയിൽ സമർപ്പിച്ചത്. സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം തുറസ്സായ സ്ഥലങ്ങളിലേക്ക് കവിഞ്ഞൊഴുകുന്നത് ഗുരുതര ആരോഗ്യ ഭീഷണിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ ശേഷി അപര്യാപ്തമാണ്. അഴുക്കുവെള്ളം ചോർന്നൊലിക്കുന്നതിനാൽ അപ്പാർട്ട്മെന്‍റിന്‍റെ സ്റ്റീൽ തൂണുകളും ഷീറ്റുകളും തുരുമ്പെടുത്ത് ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. അപ്പാർട്ട്മെന്‍റിൽ ലിഫ്റ്റ് സൗകര്യമില്ലാത്തത് രോഗികളായ താമസക്കാരെ ദുരിതത്തിലാക്കുന്നു.

സമീപത്തുകൂടെ കടന്നുപോകുന്ന 110 കെ.വി. ഹൈടെൻഷൻ ലൈനിൽനിന്ന് പാലിക്കേണ്ട നിർബന്ധിത സുരക്ഷ അകലം പാലിച്ചിട്ടില്ല. ഇലക്ട്രിക്കൽ കൺട്രോൾ റൂമുകളിലെ ഉപകരണങ്ങളുടെ അടിത്തറ തുരുമ്പിച്ച നിലയിലാണ്. കൃത്യമായ എർത്തിങ്, അഗ്നി നിയന്ത്രണ സംവിധാനമില്ല. സാങ്കേതിക സമിതി നിയോഗിച്ച് കെട്ടിടത്തിന്‍റെ ബലവും ഉപയോഗക്ഷമതയും വിലയിരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടർ, ജി.സി.ഡി.എ, കൊച്ചി കോർപറേഷൻ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം അപ്പാർട്ട്മെന്‍റിൽ നേരിട്ട് നടത്തിയ പരിശോധനക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mundamveli Apartment: Amicus Curiae Details the Dire Conditions; High Court Shocked
Next Story