മുണ്ടക്കൈ ഉരുൾപൊട്ടൽ: സാറ്റലൈറ്റ് സർവേ പഠനറിപ്പോർട്ടുമായി പീപ്പിൾസ് ഫൗണ്ടേഷൻ
text_fieldsമുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങളും വീടുകളും (ഫോട്ടോ പി. സന്ദീപ്)
കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പ്രാഥമിക പഠനറിപ്പോർട്ടുമായി സന്നദ്ധ സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻ. സാറ്റലൈറ്റ് സർവേയിലൂടെ ജിയോമാപ്പിങ് നടത്തിയും 339 ദുരിതബാധിതരുമായി നേരിട്ട് സംസാരിച്ചും തയാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച ക്ലൗഡിലൂടെ പുറത്തുവിടുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ പഠനസംഘാംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പുനരധിവാസപ്രവർത്തനം നടത്താനുദ്ദേശിക്കുന്നവർക്കും പൊതുജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഉപകാരപ്പെടുന്ന തരത്തിൽ ദുരന്തത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളും എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിലാണ് സാറ്റലൈറ്റ് സർവേ. ദുരന്തപ്രദേശത്ത് പൂർണമായി നശിച്ച വീടുകൾ, വാസയോഗ്യമല്ലാത്ത വീടുകൾ, അവിടങ്ങളിൽ താമസിച്ച ആളുകളുടെ വിവരങ്ങൾ, മരിച്ചവർ തുടങ്ങിയവ ജിയോ മാപ്പിങ്ങിലൂടെയുള്ള സാറ്റലൈറ്റ് സർവേയിൽ ക്ലിക്ക് ചെയ്താൽ മനസ്സിലാകും. തകർന്ന കെട്ടിടങ്ങൾ, ഉരുൾപൊട്ടൽ വന്ന വഴി തുടങ്ങിയവയും മനസ്സിലാക്കാൻ കഴിയും.
ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നഷ്ടക്കണക്കും റിപ്പോർട്ടിലുണ്ട്. പ്രാഥമിക റിപ്പോർട്ടാണ് നിലവിൽ തയാറായതെന്നും തുടർപഠനങ്ങൾ നടക്കുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പഠനസംഘത്തിലുണ്ടായിരുന്ന ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഡിസാസ്റ്റർ സ്റ്റഡീസ് വിഭാഗം അസി. പ്രഫസർ ഡോ. എസ്. മുഹമ്മദ് ഇർഷാദ്, ബയോഡൈവേഴ്സിറ്റി കൺസൽട്ടന്റ് ഡോ. സുരേഷ്, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. വി.എം. നിഷാദ്, എക്സിക്യൂട്ടിവ് ഡയറക്ടർ ഷമീൽ സജ്ജാദ്, ജില്ല കോഓഡിനേറ്റർ സി.കെ. സമീർ, കെ.എം. ആബിദലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

