ഉരുൾ ദുരന്ത ഭൂമിയിൽ നിന്ന് പോളിങ് ബൂത്തിലേക്ക് അവർ എത്തി
text_fieldsഉരുൾദുരന്ത ബാധിതർ വോട്ടുചെയ്യാനായി സർക്കാർ ഏർപ്പെടുത്തിയ ബസിൽ ചൂരൽമലയിലെ ബൂത്തിലേക്ക് പോകുന്നു
ചൂരൽമല (വയനാട്): ചൂരൽമല, മുണ്ടക്കൈ ദേശങ്ങളെ ഇല്ലാതാക്കിയ ഉരുൾദുരന്തം കഴിഞ്ഞ് ഒരു വർഷവും അഞ്ചുമാസവും പിന്നിടുന്നു. ബെയ്ലി പാലത്തിന് ഇരുവശവും പുന്നപ്പുഴയുടെ ഓരങ്ങളിൽ ദുരന്തശേഷിപ്പുകൾ വലിയ കലാസൃഷ്ടിപോലെ... അതിജീവിതർ ഇക്കാലമത്രയും കഴിയുന്നത് തങ്ങളുടെ വേരുകളിൽ നിന്ന് കാതങ്ങൾക്കകലെ സർക്കാർ ഒരുക്കിയ വാടകവീടുകളിൽ.
ദുരന്തശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ പക്ഷേ അതിജീവിതരിൽ പലരുടെയും വോട്ടുകൾ പട്ടികയിൽനിന്ന് വെട്ടിപ്പോയിരിക്കുന്നു. മഹാദുരന്തത്തിൽ മാരകമായി പരിക്കേറ്റ് കിടപ്പിലായവർക്കും വോട്ടുചെയ്യാനായില്ല. ഇത്തവണ കിടപ്പുരോഗികൾക്ക് വീട്ടിൽ നിന്ന് തന്നെ വോട്ടുചയ്യാനുള്ള സൗകര്യമില്ലാത്തതാണ് വിനയായത്. പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവർക്ക് സൗകര്യമൊരുക്കണമെന്ന് വിവിധ മുന്നണികൾ കലക്ടറോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, സാധ്യമായില്ല.
ദുരന്തബാധിതർക്ക് ചൂരൽമല നൂറുൽ ഇസ്ലാം മദ്റസ ഹാളിലെ 001 നമ്പർ ബൂത്താണ് ഒരുക്കിയിരുന്നത്. ഇവിടെ 1028 വോട്ടർമാരാണുള്ളത്. സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിലെ ബൂത്തിൽ 1184 വോട്ടർമാരും. തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്തുമണിയോടെ എത്തിയപ്പോൾ മദ്റസ ഹാളിലെ ബൂത്ത് ഒഴിഞ്ഞുകിടക്കുന്നു. അതിജീവിതരുടെ അമ്പതിലധികം വോട്ടുകൾ വെട്ടിപ്പോയ കാര്യം സ്ഥാനാഥികൾ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ, എൽ.ഡി.എഫും യു.ഡി.എഫും ഇക്കാര്യത്തിൽ പരസ്പരം കുറ്റപ്പെടുത്തുകയാണ്. മനപ്പൂർവം പാർട്ടികൾ ചിലരുടെ വോട്ടുകൾ വെട്ടിയിട്ടുണ്ട്. വാർഡ് വിഭജനം മൂലമുള്ള കാരണത്താലും രേഖകളുടെ പ്രശ്നങ്ങളാലും പട്ടികയിൽ ഇല്ലാത്തവരുമുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അതിജീവിതർക്ക് പോളിങ് ബൂത്തിലെത്താൻ സർക്കാർ വാഹനസൗകര്യമേർപ്പെടുത്തിയിരുന്നു. തങ്ങളിൽ പലർക്കും വോട്ടില്ലെന്ന സങ്കടത്തിനിടയിലും അതിജീവിതർ ഈ ബസുകളിലാണ് എത്തിയത്. ദുരന്തം പല ദിക്കുകളിലേക്കായി അകറ്റിയ തങ്ങളുടെ അയൽവാസികളെയും കൂട്ടുകാരെയും കാണാനുള്ള അവസരം കൂടിയായി അവർക്ക് വോട്ടുദിനം. ദുരന്തത്തോടെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന ഗ്രാമം തന്നെ ഇല്ലാതായതോടെ 11ാം നമ്പർ വാർഡായ ചൂരൽമലയോട് ചേർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

