മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടല്‍; പ്രത്യേക വായ്പാ പദ്ധതിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം
text_fieldsതിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്ത ബാധിതര്‍ക്കായുള്ള ഉജ്ജീവന പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. മേപ്പാടി പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലും ഉരുൾപൊട്ടൽ ദുരന്ത ബാധിതമായി പ്രഖ്യാപിച്ച വാർഡുകളിലെ ദുരന്തബാധിതർക്ക് ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി ഉപജീവന മാർഗങ്ങൾ പുനരാരംഭിക്കുന്നതിനാണ് ഉജ്ജീവന വായ്പ പദ്ധതി നടപ്പാക്കുക.
8.57 കോടി രൂപയുടെ വായ്പ പദ്ധതി അംഗീകരിച്ച് വായ്പക്ക് പലിശയായി കണക്കാക്കിയിട്ടുള്ള 1.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു വയനാട് ജില്ല കലക്ടർ മുഖേന കുടുംബശ്രീ മിഷന് അനുവദിക്കും. പദ്ധതിക്ക് വേണ്ടി ഏകദേശ ചെലവായി കണക്കാക്കിയിട്ടുള്ള 20 കോടി രൂപ ഹൈകോടതി വിധി പ്രകാരം എസ്‍.ഡി.ആർ.എഫ് മാനദണ്ഡങ്ങളിൽ ഇളവ് ചെയ്ത് കണ്ടെത്തും. ഉജ്ജീവന വായ്പ പദ്ധതിയുടെ സർക്കാർ വിഹിതം ബാങ്കുകൾക്ക് നൽകുന്നതിന് ബന്ധപ്പെട്ട ജില്ല കലക്ടറെ ചുമതലപ്പെടുത്തി. വായ്പ പദ്ധതികളുടെ കാലാവധി 2026 ഡിസംബർ 31 വരെയായിരിക്കും.
ഉരുൾപൊട്ടലിൽ ദുരന്ത ബാധിതമായ സൂക്ഷ്മ-ചെറുകിട-ഇടത്തര വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, അംഗീകൃത ഹോം സ്റ്റേകൾ, ദുരന്ത ബാധിതരായ ക്ഷീര കർഷകർ, കിസാൻ കാർഡ് ഉടമകൾ, അലങ്കാര പക്ഷി കർഷകർ, തേനീച്ച കർഷകർ, ടൂറിസ്റ്റ് വാഹന ഉടമകൾ, വാണിജ്യ വാഹന ഉടമകൾ എന്നിവരുടെ ഉപജീവന മാർഗങ്ങൾ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിന് സഹായകരമാകുവാനാണ് ഉജ്ജീവന വായ്പാ പദ്ധതി. ജില്ലതല ബാങ്കേഴ്സ് സമിതിയില്‍ അംഗങ്ങൾ ആയ ബാങ്കിങ്/ബാങ്കിങ് ഇതര സ്ഥാപനങ്ങൾ എന്നിവ മുഖാന്തരം ഉള്ള വായ്പ്പകൾക്കാണ് ഉജ്ജീവന വായ്പ പദ്ധതിയിൽ സഹായത്തിന് അർഹത.
ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍
വനം വന്യജീവി വകുപ്പില്‍ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ രൂപീകരിക്കും. കല്ലാര്‍, ആനക്കുളം, മലമ്പുഴ, ആനക്കാംപൊയില്‍, കൊട്ടിയൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷന്‍. വനം വന്യജീവി സംരക്ഷണം കൂടുതല്‍ കാര്യക്ഷമവും സുഗമവും ആക്കുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമാണ് പുതിയ സ്റ്റേഷനുകള്‍ രൂപീകരിക്കുന്നത്.
പുതിയ തസ്തിക
എറണാകുളം വടക്കന്‍ പറവൂരിലെ സര്‍ക്കാര്‍ ഏറ്റെടുത്ത കേസരി ഗവ. ആര്‍ട്ട്സ് ആൻഡ് സയന്‍സ് കോളജില്‍ അധ്യാപക-അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. സീനിയര്‍ സൂപ്രണ്ട് - 1, ലൈബ്രേറിയന്‍ ഗ്രേഡ് 4 - 1, അറ്റന്‍റര്‍ - 1, നൈറ്റ് വാച്ച് മാന്‍ - 1, സ്വീപ്പര്‍കം സാനിറ്റേഷന്‍ വര്‍ക്കര്‍ - 1 എന്നിങ്ങനെ ആറ് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. 15 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. നിലവിലുള്ള അധിക സ്ഥിര അധ്യാപകരെ സ്ഥലം മാറ്റി പുനര്‍ വിന്യസിച്ച് ആവശ്യമെങ്കില്‍ ഗസ്റ്റ് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തും. അറ്റന്‍റര്‍, സ്വീപ്പര്‍ തസ്തികകളില്‍ എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച് മുഖേനയും നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ കെക്സ്കോണ്‍ വഴിയുമാകും നിയമനം. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിലെ അസിസ്റ്റന്‍റ് തസ്തിക അപ്ഗ്രേഡ് ചെയ്ത് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍റ് തസ്തികയായി ഉയര്‍ത്തും. ധനകാര്യ വകുപ്പിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും.
ശമ്പള പരിഷ്ക്കരണം
സംസ്ഥാന വനിതാ വികസന കോര്‍പറേഷനിലെ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1/07/2019 പ്രാബല്യത്തില്‍ 11 -ാം ശമ്പളപരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
ഗ്യാരണ്ടി അനുവദിക്കും
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് അനുവദിച്ച 14,000 കോടി രൂപയുടെ ഗ്യാരണ്ടിക്ക് പുറമെ 11,000 കോടി രൂപയുടെ ഗ്യാരണ്ടി കൂടി അനുവദിക്കും.
ഭൂമി പതിച്ചു നല്‍കും
വർക്കല വില്ലേജിൽ ബ്ലോക്ക് 174 റീസർവ്വെ നം. 34 ൽ ഉൾപ്പെട്ട 1.61 ഹെക്ടർ ഭൂമിയിൽ നിന്നും 20.23 ആർ ഭൂമി Office-cum-Residential Complex നിർമ്മിക്കുന്നതിനായി, Subsidiary Intelligence Bureauയ്ക്ക് പതിച്ചു നൽകും. 2,59,95,692 രൂപ കമ്പോള വില ഈടാക്കിയാണ് പതിച്ചു നൽകുക.
എറണാകുളം വില്ലേജിൽ സർവ്വെ നമ്പർ 75/6, 75/7 എന്നിവയിൽ ഉൾപ്പെട്ട 27.43 ആർ ഭൂമിയിൽ താമസിച്ചു വരുന്ന പാരഡൈസ് നഗർ നിവാസികളായ 44 കൈവശക്കാർക്ക് വരുമാന പരിധി ഇളവ് ചെയ്ത് കൈവശ ഭൂമി പതിച്ചു നൽകുന്നതിന് എറണാകുളം ജില്ലാ കളക്ടർക്ക് അനുമതി നൽകി.
ദീര്‍ഘകാല കരാര്‍ നടപ്പാക്കും
കേരളാ സെറാമിക്സ് ലിമിറ്റഡിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും 2016-21 കാലയളവിലെ ദീര്‍ഘകാല കരാര്‍ ഭേദഗതികളോടെ നടപ്പാക്കും.
ഐ.എച്ച്.ആർ.ഡി; ഹൈകോതി വിധിന്യായം നടപ്പാക്കും
ഐ.എച്ച്.ആർ.ഡിയില്‍ 30.05.2025-നോ അതിനുശേഷമോ വിരമിച്ച ജീവനക്കാരെ സർവീസിൽ തിരിച്ചെടുക്കുവാനും 60 വയസ്സ് തികയുന്നത് വരെ ജോലിയിൽ തുടരുവാനും അനുവദിച്ചുകൊണ്ട് ഹൈക്കോടതി 28.11.2025 ൽ പുറപ്പെടുവിച്ച വിധിന്യായം നടപ്പാക്കും.
ടെണ്ടർ അംഗീകരിച്ചു
വയനാട് ചൂരൽമല പാലത്തിന്‍റെ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 33,96,59,365 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. പത്തനംതിട്ട പമ്പാ നദിക്ക് കുറുകെയുള്ള പുതിയ റാന്നി വലിയ പാലത്തിന്റെ നിർമ്മാണത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട 31,79,14,748 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
സൊസൈറ്റി രൂപവത്കരിക്കും
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെ നടത്തിപ്പിനായി തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് കണ്‍സര്‍വേഷന്‍ ആന്‍റ് ഡെവലപ്മെന്‍റ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി രൂപവത്കരിക്കും. പുതുക്കിയ മെമോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍റ് റഗുലേഷന്‍സും അംഗീകരിച്ചു.
നിയമനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി റിട്ടയേർഡ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാൻ ഗവർണറോട് ശിപാർശ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

