Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടക്കൈ-ചൂരൽമല: 49...

മുണ്ടക്കൈ-ചൂരൽമല: 49 പേർ കൂടി ഗുണഭോക്തൃ പട്ടികയിൽ; വ്യാപാരികൾക്ക് നഷ്ടപരിഹാരം; പരിക്കേറ്റവരുടെ തുടർചികിത്സക്ക് ആറു കോടി കൂടി

text_fields
bookmark_border
മുണ്ടക്കൈ-ചൂരൽമല: 49 പേർ കൂടി ഗുണഭോക്തൃ പട്ടികയിൽ; വ്യാപാരികൾക്ക് നഷ്ടപരിഹാരം; പരിക്കേറ്റവരുടെ തുടർചികിത്സക്ക് ആറു കോടി കൂടി
cancel

കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി. ഇതിന് പുറമെ തുടർചികിത്സ വേണ്ടവരുടെ ചികിത്സക്കുള്ള പണം ഡിസംബർ 31 വരെ അനുവദിക്കാനും ഈ യിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ആറു കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു.

ദുരന്തത്തിന്റെ ഒന്നാം വാർഷികദിനമായ ബുധനാഴ്ച മേപ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കവേ റവന്യു മന്ത്രി കെ. രാജനാണ് ഇതറിയിച്ചത്. ഇതോടെ ആകെ പുനരധിവാസ പട്ടികയിൽ ഉള്ള ഗുണഭോക്താക്കളുടെ എണ്ണം 451 ആയി. നേരത്തെ 402 പേർക്ക് എൽസ്റ്റണിലെ ടൗൺഷിപ്പിൽ വീട് അനുവദിച്ചിരുന്നു. ദുരന്തത്തിന്റെ സ്മാരകം പുത്തുമല ഹൃദയഭൂമിയിൽ നിർമിക്കും. ഇതിന് 93.93 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് മുമ്പ് നിർമാണം തുടങ്ങും.

വീടിനായുള്ള ഗുണഭോക്തൃ പട്ടികയിൽ അപേക്ഷ നൽകിയവരിൽ 100 ലേറെ പേരുടെ ഹിയറിങ്ങ് കഴിഞ്ഞെന്നും ഇനി പരിശോധന കൂടി നടത്തിയശേഷം അർഹതപ്പെട്ടവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പട്ടികപ്രകാരം ഉൾപ്പെടുത്തുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേർത്തു. ഉൾപ്പെടാൻ കഴിയാത്തവരെ ദുരന്ത അതിജീവിതർക്കുള്ള മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും. ഫീൽഡ് തല പരിശോധന ഓഗസ്റ്റ് മാസം തന്നെ തുടങ്ങും.

ദുരന്തമേഖലയിലെ ആദിവാസി വിഭാഗത്തിന്റെ പുനരധിവാസത്തിനായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല പുതിയ വില്ലേജില്‍ സർക്കാർ കണ്ടെത്തിയ അഞ്ച് ഹെക്ടര്‍ ഭൂമിയുടെ ആർ ഒ ആർ (റെക്കോർഡ് ഓഫ് റൈറ്സ്) ലഭ്യമാക്കാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. 13 കുടുംബങ്ങൾക്കാണ് ഇവിടെ വീടുകൾ ഉയരുക. പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളും ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബങ്ങളും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളുമാണ് സെറ്റില്‍മെന്റിന്റെ ഭാഗമാകുന്നത്. ഓരോ കുടുംബത്തിനും വീടും 10 സെന്റ് ഭൂമിയും നൽകും.

വ്യാപാരികൾക്ക് സംഭവിച്ച നഷ്ട പരിഹാരത്തിന്റെ കണക്ക് ജില്ലാ ഭരണകൂടവും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സമിതി തിട്ടപ്പെടുത്തും. കനത്ത മഴ തടസ്സം സൃഷ്ടിച്ചില്ലെങ്കിൽ ഈ വരുന്ന ഡിസംബർ 31 ആകുമ്പോഴേക്കും ടൗൺഷിപ്പിൽ മുഴുവൻ വീടുകളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രി രാജൻ ഉറപ്പ് നൽകി. വെറും മൂന്നര മാസം കൊണ്ടാണ് മാതൃക വീട് പൂർത്തീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ 4 ന് സർക്കാർ എൽസ്റ്റണിലെ ഭൂമി ഏറ്റെടുത്തെങ്കിലും ഉടമകൾ കോടതിയെ സമീപിച്ചതിനാൽ ഈ വർഷം ഏപ്രിൽ 13 ന് മാത്രമാണ് നിർമാണം തുടങ്ങാൻ സാധിച്ചത്.

ഏത് തരത്തിലുള്ള സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാകും വിധമുള്ള, അതിജീവിതരെ ചേർത്തുപിടിച്ചുള്ള സമഗ്ര പുനരധിവാസ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുറവുകൾ ഉണ്ടാകാം. അതെല്ലാം ചർച്ച ചെയ്യാം. എല്ലാം പരിഗണിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കേന്ദ്ര, സംസ്ഥാന സേനകൾ എത്തുന്നതിന് മുൻപ് അസാധ്യ രക്ഷാപ്രവർത്തനം നടത്തി നിരവധി ആളുകളുടെ ജീവൻ രക്ഷിച്ച് മറുകരയിൽ എത്തിച്ച പ്രദേശത്തെ ജനങ്ങളുടെ പ്രവർത്തനത്തെ അധ്യക്ഷ പ്രസംഗത്തിൽ റവന്യു മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു.

പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, ടി സിദ്ധിക്ക് എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് തദ്ദേശ സ്ഥാപന ജനപ്രതിനികൾ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ്ബ് കളക്ടർ മിസാൽ സാഗർ ഭരത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, ഡോ. ജോയ് ഇളമൺ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മുൻ എംഎൽഎ സി കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mundakai LandslideMundakai Chooralmala Rehabilitation
News Summary - Mundakai-Chooralmala: 49 more people added to the beneficiary list
Next Story