സ്ത്രീപള്ളി പ്രവേശനത്തിന് വിലക്കില്ലെന്ന മകളുടെ വാക്കുകൾ തിരുത്തി മുനവ്വറലി തങ്ങൾ; അപ്രതീക്ഷിത ചോദ്യത്തിന് ആലോചനയില്ലാതെ നടത്തിയ അഭിപ്രായപ്രകടനമെന്നും വിശദീകരണം
text_fieldsഫാത്തിമ നർഗീസ് ശിഹാബ്, മുനവ്വർ അലി ശിഹാബ് തങ്ങൾ
കോഴിക്കോട്: പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകൾ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ.
ഏതാനും ദിവസം മുമ്പ് കൊച്ചിയിൽ നടന്ന മനോരമ ഹോർത്തൂസ് പരിപാടിക്കിടെയായിരുന്നു പാണക്കാട് കുടുംബത്തിലെ ഇളമുറക്കാരിയായ ഫാത്തിമ നർഗീസ് മുസ്‍ലിം സ്ത്രീകളുടെ പള്ളിപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർ ഉണ്ടാക്കിയെടുത്തതാണ് എന്നായിരുന്നു നർഗീസിന്റെ പരാമർശം. ഇതിൽ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
എന്നാൽ, കേരളത്തിലെ സമസ്ത അനുയായികളെ പ്രകോപിപ്പിച്ച പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായി വിമർശിക്കപ്പെട്ടതോടെയാണ് പിതാവ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയത്.
അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തിൽ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന് അദ്ദേഹം കുറിച്ചു.
കർമശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയമാണിത്. എന്നാൽ, ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം പ്രതികരണത്തെ കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ് ബുക് കുറിപ്പ് പൂർണരൂപം
‘ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസ്സുള്ള വിദ്യാർത്ഥിനിയായ എന്റെ മകൾ ഫാത്തിമ നർഗീസ് നൽകിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്.
കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തിൽ മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.
ആ മറുപടി, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യർത്ഥന.
കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

