കൈയേറ്റങ്ങളുടെ വിവരശേഖരണം തുടങ്ങി
text_fieldsതൊടുപുഴ: മൂന്നാർ മേഖലയിലെ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി പട്ടിക തയാറാക്കുന്നതിന് മുന്നോടിയായി സർക്കാർ ഭൂമി കൈയേറ്റങ്ങളെക്കുറിച്ച് റവന്യൂ വകുപ്പ് വിവരശേഖരണം ആരംഭിച്ചു. സബ് കലക്ടറും ഒഴിപ്പിക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ പലരും അവധിയായതിനാൽ മൂന്നാർ-, ദേവികുളം മേഖലകളിൽ രണ്ടുദിവസമായി കൈയേറ്റമൊഴിപ്പിക്കൽ നടന്നില്ല.
തിങ്കളാഴ്ച നടപടി പുനരാംഭിക്കാനാണു റവന്യൂ വകുപ്പ് തീരുമാനം. റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചശേഷം കൈയേറ്റമൊഴിപ്പിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയാറാക്കി ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോകും. ദേവികുളത്ത് ഒഴിപ്പിക്കൽ നടപടികളിൽ പൊലീസിെൻറ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ട്, ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറിയിട്ടുണ്ട്.
മൂന്നാർ, ദേവികുളം മേഖലകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാനാണ് റവന്യൂ മന്ത്രി ജില്ല ഭരണകൂടത്തിന് നൽകിയിരിക്കുന്ന നിർദേശം. ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ കുരിശ് സ്ഥാപിച്ച് നടത്തിയ കൈയേറ്റമാകും ആദ്യം ഒഴിപ്പിക്കുക എന്നാണ് സൂചന.
മുൻ ആർ.ഡി.ഒ സബിൻ സമീദിെൻറ കാലത്ത് സ്റ്റോപ് മെമ്മോ നൽകിയിട്ടും നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയ പള്ളിവാസലിലെ 139 അനധികൃത റിസോർട്ടുകൾക്ക് നോട്ടീസ് നൽകുകയാണ് അടുത്ത നടപടി. ചോലവനങ്ങൾ വെട്ടിനശിപ്പിച്ചും മലകൾ ഇടിച്ചുനിരത്തിയും കൈയേറ്റങ്ങൾ നടത്തിയവരുടെ ലിസ്റ്റ് റവന്യൂ അധികൃതർ സബ് കലക്ടർക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
