മുനമ്പം ഭൂമി: ഇടക്കാല ഉത്തരവ് ദൗർഭാഗ്യകരമെന്ന് വഖഫ് സംരക്ഷണ സമിതി; വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണം
text_fieldsകൊച്ചി: മുനമ്പത്തെ വഖഫ് ഭൂമിയുടെ ഭൂനികുതി സ്വീകരിക്കാനുള്ള ഹൈകോടതി ഇടക്കാല വിധി ദൗർഭാഗ്യകരമെന്ന് വഖഫ് സംരക്ഷണ സമിതി. കോടതിയുടെ ഇടക്കാല വിധി വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മറ്റു കേസുകളെയും ദോഷകരമായി ബാധിക്കുമെന്നതിനാൽ, വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിക്കണമെന്ന് ചെയർമാൻ ഷരീഫ് പുത്തൻപുരയും കൺവീനർ ടി.എ. മുജീബ് റഹ്മാനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വഖഫ് ബോർഡ് രേഖകളും മുൻകാല കോടതി വിധികളും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും വ്യക്തമാക്കുന്നത് മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫ് സ്വത്താണ് എന്നതാണെന്നിരിക്കെ സിംഗിൾബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് നിയമവിരുദ്ധമാണെന്ന് സമിതി കുറ്റപ്പെടുത്തി.
ഈ വഖഫ് ഭൂമിയുടെ വലിയൊരുഭാഗം ബാറുകളും റിസോർട്ടുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും വർഷങ്ങളായി അനധികൃതമായി കൈയടക്കിയിരിക്കുകയാണെന്ന കാര്യം കോടതി പരിഗണിച്ചില്ല. ഇത്തരത്തിലുള്ള വാണിജ്യ കൈയേറ്റങ്ങൾ നിലനിൽക്കെ വഖഫ് ഭൂമിയിൽ കരമടക്കാൻ അനുവദിക്കുന്നത് കൈയേറ്റത്തെ നിയമവത്കരിക്കാൻ വഴിയൊരുക്കുന്നതും വഖഫ് സ്വത്തിന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുന്ന തെറ്റായ നടപടിയുമാണ്.
മുനമ്പത്ത് 610 കുടുംബങ്ങൾ താമസിക്കുന്നു എന്നത് വസ്തുത വിരുദ്ധമാണ്. പ്രദേശത്ത് 200ൽ താഴെ കുടുംബങ്ങൾ മാത്രമാണുള്ളത്. വ്യാജ കണക്കുകൾ പ്രചരിപ്പിച്ച് വാണിജ്യ കൈയേറ്റങ്ങൾ സാധൂകരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും വഖഫ് സംരക്ഷണ സമിതി വ്യക്തമാക്കി.
സുപ്രീംകോടതി വിധിക്ക് വിധേയമായി ഭൂനികുതി ഈടാക്കാൻ ഉത്തരവ്
കൊച്ചി: വഖഫ് തർക്കം നിലനിൽക്കുന്ന മുനമ്പത്തെ ഭൂമിയിലെ നിലവിലെ കൈവശക്കാരിൽനിന്ന് താൽക്കാലികമായി ഭൂനികുതി ഈടാക്കാൻ ഹൈകോടതി ഉത്തരവ്. മുനമ്പം വിഷയത്തിലെ ജുഡീഷ്യൽ കമീഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അപ്പീൽ ഹരജിയിലെ തീരുമാനത്തിന് വിധേയമായി നികുതി ഈടാക്കാനാണ് ജില്ല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്ക് ജസ്റ്റിസ് സി. ജയചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. ഭൂനികുതിയും മറ്റ് റവന്യൂ നടപടികളും സ്വീകരിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയും നികുതി ഈടാക്കുന്നതിനെ എതിർത്ത് കേരള വഖഫ് സംരക്ഷണ വേദിയും സമർപ്പിച്ച ഹരജികളിലാണ് ഇടക്കാല ഉത്തരവ്. ഹരജികൾ വീണ്ടും ഡിസംബർ 17ന് പരിഗണിക്കാൻ മാറ്റി.
വസ്തുവിലെ താമസക്കാരുടെയടക്കം നികുതി സ്വീകരിക്കാൻ കൊച്ചി തഹസിൽദാർ 2022 ഒക്ടോബറിൽ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്താണ് കേരള വഖഫ് സംരക്ഷണവേദിയുടെ ഹരജി. തഹസിൽദാറുടെ നിർദേശമുണ്ടെങ്കിലും നികുതി ഈടാക്കുന്നില്ലെന്നും പോക്കുവരവ്, വിൽപന, പണയം തുടങ്ങിയവക്ക് റവന്യൂ അധികൃതർ അനുമതി നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂസംരക്ഷണ സമിതി കോടതിയെ സമീപിച്ചത്.
മുനമ്പം ഭൂമി വിഷയത്തിൽ അന്വേഷണ കമീഷനെ നിയമിച്ചത് റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരായ സർക്കാറിന്‍റെ അപ്പീൽ ഭൂമി വഖഫ് അല്ലെന്നടക്കം നിരീക്ഷണത്തോടെ കഴിഞ്ഞ ഒക്ടോബർ പത്തിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയിരുന്നു. ഇതിനുപിന്നാലെ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി ഹരജിയിലെ എതിർകക്ഷികളായ ജില്ല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ ഉപഹരജി നൽകുകയായിരുന്നു.
കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ, തർക്കഭൂമിയിലെ താമസക്കാരിൽനിന്ന് നികുതി ഈടാക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സർക്കാറടക്കം മറ്റ് കക്ഷികളാരും എതിർപ്പ് ഉയർത്താത്തതും പരിഗണിച്ചാണ് താൽക്കാലികമായി നികുതി ഈടാക്കാൻ കോടതി അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

