മുനമ്പം വഖഫ് ഭൂമി: കമീഷൻ നിയമനത്തിന് എതിരായ ഹരജി വിധിപറയാൻ മാറ്റി
text_fieldsകൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ചതിനെതിരായ വഖഫ് സംരക്ഷണ വേദിയുടെ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. സർക്കാറടക്കം എതിർകക്ഷികളുടെയും ഹരജിക്കാരുടെയും വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി വിധി പറയാൻ മാറ്റിയത്. ഫാറൂഖ് കോളജ് മാനേജ്മെന്‍റും സ്ഥലവാസികളായ ചിലരുമാണ് കേസിലെ മറ്റ് എതിർകക്ഷികൾ.
ഹരജി നിലനിൽക്കില്ലെന്ന വാദമാണ് സർക്കാർ ഉന്നയിച്ചിരിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹരജിക്കാർ. മുനമ്പം ഭൂമി വിഷയത്തിൽ വസ്തുതാന്വേഷണമാണ് നടക്കുന്നതെന്നും ഇതിനായി ജുഡീഷ്യൽ കമീഷനെ നിയമിക്കാൻ അധികാരമുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
മുൻ കോടതി ഉത്തരവുകളും വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിൽ വിഷയവും നിലനിൽക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ചത് എന്തധികാരത്തിലാണെന്ന് കോടതി വാക്കാൽ സംശയമുന്നയിച്ചിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇഷ്ട ദാനമാണെന്നുമാണ് ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്ന കോഴിക്കോട് ഫാറൂഖ് കോളജിന്‍റെ വാദം. കോളജ് അധികൃതരിൽനിന്ന് വാങ്ങിയ ഭൂമിയാണ് തങ്ങളുടേതെന്നും വഖഫ് ഭൂമിയല്ലെന്നും ഭൂമിയിൽ അവകാശമുന്നയിക്കുന്നവരും വാദിക്കുന്നു. ഹരജി സമർപ്പിച്ചതിനെത്തുടർന്ന് കമീഷൻ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

