എവിടെയൊളിച്ചു ബി.ജെ.പി-ആർ.എസ്.എസ്-കാസ-ക്രിസംഘി വർഗീയ വിഷവിത്തുകൾ? മുനമ്പത്ത് പരിഹാരം ചർച്ചകളിലൂടെ, സംഘർഷത്തിലൂടെയല്ല -ജിന്റോ ജോൺ
text_fieldsകൊച്ചി: ബി.ജെ.പിയുടെ വഖഫ് നിയമം പാസാക്കുന്നതിന്റെ പിറ്റേന്ന് മുനമ്പത്തെ കരമടപ്പിക്കുമെന്ന് പറഞ്ഞ് തൊണ്ട പൊട്ടിച്ചവർ എവിടെയെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, ഷോൺ ജോർജ്ജ്, തുടങ്ങി ബിജെപി - ആർഎസ്‌എസ് - കാസ - ക്രിസംഘി വർഗ്ഗീയ വിഷവിത്തുകൾ എവിടെയൊളിച്ചുവെന്നും അദ്ദേഹം ചോദിച്ചു. നിയമ ഭേദഗതികൊണ്ട് മാത്രം മുനമ്പം പ്രശ്നം പരിഹരിക്കാനാവില്ലെന്നും കോടതിയിലിരിക്കുന്ന വിഷയമായതിനാൽ നിയമപോരാട്ടം തുടരേണ്ടിവരുമെന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജിന്റോ ജോൺ.
‘അന്ന് സത്യം പറഞ്ഞപ്പോൾ നമ്മളെ ജിഹാദികളെന്ന് ആക്ഷേപിച്ചു. അതിന്റെ നൂറിലൊരംശം ആർജ്ജവം മതിയല്ലോ കേന്ദ്രമന്ത്രി കിരൺ റിജ്ജ്ജുവിനോട് എന്തിനാണ് പറഞ്ഞു പറ്റിച്ചതെന്ന ചോദ്യം ചോദിക്കാൻ. സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, ഷോൺ ജോർജ്ജ്, തുടങ്ങി ബിജെപി - ആർഎസ്‌എസ് - കാസ - ക്രിസംഘി വർഗ്ഗീയ വിഷവിത്തുകൾ എവിടെയൊളിച്ചു? ബിജെപിയുടെ വഖഫ് നിയമം പാസ്സാക്കുന്നതിന്റെ പിറ്റേന്ന് മുനമ്പത്തെ കരമടപ്പിക്കുമെന്ന് പറഞ്ഞ് തൊണ്ട പൊട്ടിച്ചവർ എവിടെ.
മുനമ്പത്തെ മനുഷ്യരെ പറഞ്ഞ് പറ്റിച്ച ബിജെപിക്ക് വേണ്ടി മണ്ണൊരുക്കി കൊടുത്ത സിപിഎമ്മാണ് ആ മനുഷ്യരെ ഈ നിയമക്കുരുക്കിൽ കൊരുത്തിട്ട് വഞ്ചിച്ചത്. അധികാരം ഉറപ്പിക്കാൻ മനുഷ്യരെ മതവിദ്വേഷ വിത്തിറക്കി ഭിന്നിപ്പിക്കുന്ന ഇവരെ വിശ്വസിച്ചത് കൊണ്ടാണ് ഇന്ന് സമരസമിതി നേതാക്കൾക്ക് നിരാശപ്പെടേണ്ടി വന്നത്. ഈ തർക്കം ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്, സംഘർഷത്തിലൂടെയല്ല.
മുനമ്പത്തെ സമരക്കാരുടെ ശത്രുക്കൾ മുസ്‍ലിംകളല്ല, മതവിദ്വേഷം പരത്തി വർഗീയ വിഭജനത്തിലൂടെ തുടർഭരണത്തിന് ഗൂഡാലോചന നടത്തുന്ന സി.ജെ.പിക്കാരാണ്... മോദിയുടെ ബി.ജെ.പിയും പിണറായിയുടെ സി.പി.എമ്മും ഒരൊറ്റ കൈയ്യായി നിന്നാണ് അവരെ കണ്ണീർ മഴയത്ത് നിർത്തിയത്. ഈ നാട്ടിലെ മതേതരവാദികളായ മുസ്‍ലിംകൾ ആ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നാണ് എന്നും പറഞ്ഞത്. കോൺഗ്രസ്സായിരുന്നു ശരിയെന്ന് കാലം തെളിയിക്കും’ -ജിന്റോ വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമം മുനമ്പം ജനതയുടെ പ്രശ്നത്തിന് പൂർണ പരിഹാരമാകുമെന്ന് കിരൺ റിജിജു നേരത്തെ ഉറപ്പുനൽകിയിരുന്നു. വഖഫ് ഭേദഗതി പാസായതോടെ മുനമ്പം ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് ഏതാനും ദിവസംമുമ്പ് ബി.ജെ.പി സംസ്ഥാന നേതൃത്വം സമരപ്പന്തലിലെത്തി ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ്, ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ച മന്ത്രിതന്നെ ഇന്നലെ കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മലക്കം മറിഞ്ഞത്. വഖഫ് ഭേദഗതി നിയമം കൊണ്ടുവന്ന കേന്ദ്ര സർക്കാറിനെ അഭിനന്ദിക്കാൻ മുനമ്പത്ത് എൻ.ഡി.എ സംഘടിപ്പിച്ച ‘നന്ദി, മോദി-ബഹുജന കൂട്ടായ്മ’ ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി ചൊവ്വാഴ്ച കൊച്ചിയിലെത്തിയത്.
‘മുനമ്പം വിഷയത്തിൽ നിയമയുദ്ധം എളുപ്പമാക്കാൻ സഹായിക്കുന്ന കുറെ വ്യവസ്ഥകൾ ഭേദഗതിയിലുണ്ട്. വഖഫ് ട്രൈബ്യൂണലിന്‍റെ അധികാരത്തിലും ഘടനയിലും മാറ്റംവരുത്തി. അതിനാൽ ട്രൈബ്യൂണൽ ഉത്തരവ് എതിരായാലും ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാം. പുതിയ നിയമം മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുന്നതാണ്. എന്നാൽ, അതിന് അതിന്‍റേതായ വഴികളും നടപടിക്രമങ്ങളുമുണ്ട്. പഴയ നിയമത്തിലെ വ്യവസ്ഥകളാണ് മുമ്പ് ഹൈകോടതി പരിഗണിച്ചത്. പ്രതികൂല ഉത്തരവുണ്ടായാൽ അതിനെ സുപ്രീംകോടതിയിൽ എളുപ്പത്തിൽ ചോദ്യംചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ വ്യവസ്ഥകൾ. കോടതിയിലുള്ള കേസായതിനാൽ നേരിട്ടുള്ള പ്രസ്താവന നടത്താനാവില്ല’ -മന്ത്രി വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമം ഒരിക്കലും മുസ്‍ലിംകൾക്കെതിരല്ലെന്നും കിരൺ റിജിജു അവകാശപ്പെട്ടു. രാജ്യത്ത് ഇനിയൊരു മുനമ്പം ആവർത്തിക്കാതിരിക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ വഖഫ് സ്വത്തുള്ളത് ഇന്ത്യയിലാണ്. എന്നിട്ടും ഇന്ത്യയിൽ ഒട്ടേറെ മുസ്‍ലിംകൾ ഇതിന്‍റെ ഗുണം ലഭിക്കാതെ പാവപ്പെട്ടവരായി തുടരുകയാണ്. അവരെക്കൂടി കണക്കിലെടുത്താണ് ഭേദഗതി കൊണ്ടുവന്നത്.
എറണാകുളം കലക്ടർ മുനമ്പത്തെ രേഖകൾ പുനഃപരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാർ ഇതിന് പിന്തുണ നൽകണമെന്നും മന്ത്രി റിജിജു നിർദേശിച്ചു. മുനമ്പത്തുകാർക്ക് നീതി കിട്ടുംവരെ തങ്ങൾ ഒപ്പമുണ്ടാകും. കോൺഗ്രസും സി.പി.എമ്മും അവിടത്തുകാർക്ക് അനുകൂലമായി ഒന്നും ചെയ്യാതെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. മുസ്‍ലിം വോട്ട്ബാങ്കാണ് വലുതെന്നും ക്രിസ്ത്യൻ വോട്ട്ബാങ്ക് ചെറുതാണെന്നും കേരളത്തിലെ പല എം.പിമാരും തന്നോട് പറഞ്ഞിട്ടുണ്ട്. ചർച്ച് ബിൽ കേന്ദ്രത്തിന്‍റെ പരിഗണനയിലില്ലെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.