മുനമ്പം: വഖഫ് ബോർഡ് ആവശ്യം തള്ളിയ ഉത്തരവ് റദ്ദാക്കി
text_fieldsകൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പറവൂർ സബ് കോടതിയിലുള്ള രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളുകയും മുനമ്പം പ്രദേശവാസിയെ കക്ഷിചേരാൻ അനുവദിക്കുകയും ചെയ്ത കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ഉത്തരവുകൾ ഹൈകോടതി റദ്ദാക്കി. മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡ് ഉത്തരവിനെതിരെ ഫറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയടക്കം ട്രൈബ്യൂണലിൽ നൽകിയ ഹരജിയിലാണ് 1967ൽ പറവൂർ സബ് കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം വഖഫ് ബോർഡ് ഉന്നയിച്ചിരുന്നത്.
എന്നാൽ, കോടതിയിലുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് വാങ്ങാൻ നിർദേശിച്ച് ഈ ആവശ്യം ഏപ്രിൽ ഏഴിന് ട്രൈബ്യൂണൽ തള്ളി. ഇതിനെതിരെ വഖഫ് ബോർഡ് നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ അമിത് റാവൽ, എസ്. മുരളി കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ആവശ്യം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു.
പ്രദേശവാസിയായ സെബാസ്റ്റ്യൻ ജോസഫിനെ കക്ഷിചേരാൻ അനുവദിച്ച ട്രൈബ്യൂണൽ നടപടി ചോദ്യം ചെയ്ത് ഭൂമി വഖഫ് ചെയ്ത കുടുംബത്തിന്റെ പ്രതിനിധിയായ ഇർഷാദ് നൂർ മുഹമ്മദ് സേഠാണ് ഹൈകോടതിയെ സമീപിച്ചത്. യഥാർഥ നിയമനടപടികളിൽ കക്ഷിയല്ലാതിരുന്നവരെ അപ്പീൽ സ്വഭാവത്തിലുള്ള കേസിൽ കക്ഷിചേർക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ട്രൈബ്യൂണൽ നടപടി റദ്ദാക്കിയത്. ഇവർക്ക് ട്രൈബ്യൂണലിൽ നേരിട്ട് ഹരജി നൽകാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

