മുനമ്പം ഭൂമി: 1902ലെ രേഖകൾ ഹാജരാക്കാൻ വഖഫ് ട്രൈബ്യൂണൽ നിർദേശം
text_fieldsകൊച്ചി: മുനമ്പത്തെ ഭൂമി സിദ്ദീഖ് സേട്ടിന് ലഭിച്ചതിന്‍റെയും ഉടമസ്ഥാവകാശം കൈവന്നതിന്‍റെയും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ വഖഫ് ട്രൈബ്യൂണലിന്‍റെ നിർദേശം. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് 1902ലെ രേഖകൾ ഹാജരാക്കാൻ വഖഫ് ബോർഡടക്കം എല്ലാ കക്ഷികളും സഹായിക്കണമെന്നും മൂന്നംഗ ബെഞ്ച് നിർദേശിച്ചു. 1902ലെ രേഖ കിട്ടിയില്ലെങ്കിൽ മാത്രമേ 1952ലെ രേഖ പരിശോധിക്കാനാവൂവെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
തുടർന്ന് കേസ് ജനുവരി 25ന് പരിഗണിക്കാൻ മാറ്റി. മുനമ്പത്തെ വിവാദഭൂമി വഖഫല്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ് നൽകിയ ഹരജിയാണ് ട്രൈബ്യൂണലിലുള്ളത്. സിദ്ദീഖ് സേട്ടിന് ഭൂമിയിൽ ഉടമസ്ഥാവകാശമില്ലെന്ന വാദം ഫാറൂഖ് കോളജ് വെള്ളിയാഴ്ച ട്രൈബ്യൂണൽ മുമ്പാകെ ഉന്നയിച്ചു. സിദ്ദീഖ് സേട്ടിന് ഉടമസ്ഥാവകാശമില്ലെങ്കിൽ ഈ ഭൂമി എങ്ങനെയാണ് ഫാറൂഖ് കോളജിന്‍റെ ഉടമസ്ഥതയിൽ എത്തിയതെന്ന് സേട്ടിന്‍റെ അഭിഭാഷകനും ചോദിച്ചു. മാത്രമല്ല, ഉടമസ്ഥാവകാശം സിവിൽ കോടതിയാണ് പരിഗണിക്കേണ്ടതെന്നും വഖഫ് ഭൂമിയാണോയെന്ന കാര്യത്തിലാണ് ട്രൈബ്യൂണലിന്‍റെ തീർപ്പുവേണ്ടതെന്നും വ്യക്തമാക്കി.
ഭൂമി എങ്ങനെയാണ് സിദ്ദീഖ് സേട്ടിന് ലഭിച്ചതെന്ന് ട്രൈബ്യൂണലും ആരാഞ്ഞു. രാജാവ് ഭൂമി പാട്ടം നൽകിയതാവില്ലേ. പാട്ടമാണെങ്കിൽ അത് വഖഫ് ഭൂമിയാകില്ല. ഇഷ്ടദാനമായി ലഭിച്ചതാണെങ്കിലും തെളിവ് വേണ്ടതുണ്ട്. 1902ൽ ഈ ഭൂമി കൃഷിക്കായി പതിച്ചു നൽകിയതാണെന്ന് സിദ്ദീഖ് സേട്ടിന്‍റെ അഭിഭാഷകൻ പറഞ്ഞു. 1952ൽ ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചത്. വിവാദമല്ല, രേഖകളാണ് വേണ്ടതെന്ന് ട്രൈബ്യൂണൽ പറഞ്ഞു. ജനുവരി 25ന് രേഖ കൊണ്ടുവരാൻ സാധിക്കുമോയെന്ന് കോടതി ആരാഞ്ഞു. ആ രേഖ ഉണ്ടെങ്കിൽ മുനമ്പം കമീഷനും നൽകാനാവും.
കേസിൽ കക്ഷിചേരാൻ കേരള വഖഫ് സംരക്ഷണ വേദി, വഖഫ് സംരക്ഷണ സമിതി എന്നിവർ നൽകിയ ഹരജികളും ട്രൈബ്യൂണൽ പരിഗണിച്ചു. ഇവരെ കക്ഷിചേർക്കുന്നതിനെ ഫാറൂഖ് കോളജ് എതിർത്തു. അതേസമയം, ഹൈകോടതിയിൽ ഇവർ കക്ഷികളായി നിലവിലുള്ള സാഹചര്യത്തിൽ കക്ഷിചേർക്കുന്നതിൽ എതിർപ്പില്ലെന്ന് എതിർകക്ഷി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.