മുനമ്പത്തേത് വഖഫ് ഭൂമി, കൈമാറ്റം ചെയ്തത് നിയമവിരുദ്ധം –വഖഫ് ബോർഡ്
text_fieldsകാക്കനാട് (കൊച്ചി): മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും ഇഷ്ടദാനമായി കിട്ടിയതാെണന്നുമുള്ള ഫാറൂഖ് കോളജ് മാനേജ്മെൻറ് വാദം തള്ളി വഖഫ് ബോർഡ്. മുനമ്പത്തേത് വഖഫ് ഭൂമിയാണ്. നിയമവിരുദ്ധമായി ഫാറൂഖ് കോളജ് കൈമാറ്റം ചെയ്തതാണ്.
നിയമവിരുദ്ധമായി ഭൂമി വിറ്റ ഫാറൂഖ് കോളജാണ് മുനമ്പത്തെ താമസക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ടത്. മുനമ്പം ഭൂമി വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷന്റെ ഹിയറിങ്ങിലാണ് വഖഫ് ബോർഡ് അഭിഭാഷകൻ തെളിവുകൾ നിരത്തി ഇക്കാര്യം വ്യക്തമാക്കിയത്.
മുനമ്പത്തേത് വഖഫ് ഭൂമിയാെണന്നാണ് ഫാറൂഖ് കോളജ് പറവൂർ സബ് കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ മൂന്ന് അഫിഡവിറ്റും വഖഫ് ബോർഡിന്റെ അഭിഭാഷകരായ സുഗുണപാലും ജംഷീദ് ആസിഫും മുനമ്പം കമീഷന് മുന്നിൽ ഹാജരാക്കി. ഭൂവുടമ സിദ്ദീഖ് സേട്ടിന് വഖഫിനെക്കുറിച്ച് കാര്യമായി ബോധ്യമില്ലെന്ന കഴിഞ്ഞ ഹിയറിങ്ങിലെ ഫാറൂഖ് കോളജ് പ്രതിനിധിയുടെ വാദവും വഖഫ് ബോർഡ് എതിർത്തു.
1954ൽ വഖഫ് നിയമം വന്നപ്പോൾ ട്രാവൻകൂർ കൊച്ചിൻ വഖഫ് ബോർഡിന്റെ മെംബർ ആയിരുന്ന സിദ്ദീഖ് സേട്ടിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ബോർഡ് അഭിഭാഷകൻ വ്യക്തമാക്കി. മുനമ്പത്ത് ഭൂമിയുടെ സർവേ നടത്തി ഫാറൂഖ് കോളജിന്റെ കൈവശം എത്ര ഭൂമിയുണ്ടെന്നും നിലവിലെ കൈവശക്കാരുടെ വിവരങ്ങളും ലഭ്യമാക്കണമെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്.
ഒരു വസ്തു അല്ലെങ്കിൽ എന്തെങ്കിലും വിഭവം നന്മയെ ലക്ഷ്യം വെച്ച് വഖഫ് ചെയ്യുന്ന വ്യക്തിയുടെ ഇസ്ലാമികമായ ഉദ്ദേശ്യശുദ്ധിയെ പ്രത്യേകം പരിഗണിക്കണമെന്ന വഖഫ് നിയമത്തിലെ നിരീക്ഷണങ്ങളെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് മുനമ്പത്ത് മദ്യശാലകളും റിസോർട്ടുകളും മറ്റും നടത്തി നടക്കുന്നതെന്ന് സാമൂഹിക നീതി സംരക്ഷണ പ്രസ്ഥാനത്തിനുവേണ്ടി ഹാജരായ ചെയർമാൻ പി.എ. പ്രേം ബാബു മുനമ്പം കമീഷനെ ബോധിപ്പിച്ചു. വഖഫ് സംരക്ഷണ സമിതിക്കുവേണ്ടി കൺവീനർ മുജീബ് റഹ്മാൻ, ഫൈസൽ എന്നിവർക്കൊപ്പം അഭിഭാഷകരായ ബീരാൻ, അബൂബക്കർ എന്നിവർ കമീഷന് മുമ്പാകെ ഹാജരായി.
മുനമ്പം കമീഷന്റെ ടേംസ് ഓഫ് റഫറൻസിൽ മാറ്റം വരുത്തണം – ജമാഅത്ത് ഫെഡറേഷൻ
കാക്കനാട്: മുനമ്പം വഖഫ് ഭൂമിയാണെന്ന് പരിശോധിക്കാതെ കൈയേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രൻ കമീഷന് എങ്ങനെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.പി. മുഹമ്മദ് കമീഷൻ മുമ്പാകെയാണ് ഇക്കാര്യം ഉന്നയിച്ചത്.
ഭൂമി സംബന്ധിച്ച് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുകയാണ്. കേസിന്റെ വിധി വഖഫിന് അനുകൂലമാണെങ്കിൽ കമീഷൻ റിപ്പോർട്ടിന് എന്ത് പ്രസക്തിയാണുള്ളത്. പ്രമാണത്തിന്റെയും കോടതി വിധികളുടെയും മുൻ കമീഷനുകളുടെയും കണ്ടെത്തലുകളിൽ ഇത് വഖഫ് ഭൂമി ആണെന്നുള്ളത് നിസ്സംശയം തെളിയിക്കപ്പെട്ടതാണ്.
ഈ കമീഷന്റെ പരിഗണന വിഷയത്തിൽ വഖഫ് ആണോ എന്നുകൂടി പരിശോധിക്കത്തക്ക നിലയിൽ ടേംസ് ഓഫ് റഫറൻസിൽ മാറ്റം വരുത്തി പുനഃക്രമീകരിച്ച് വിഷയത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയാറാകണമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, വർക്കിങ് പ്രസിഡന്റ് മുഹമ്മദ് സക്കീർ എന്നിവർ പറഞ്ഞു. ഇത് വഖഫ് ഭൂമി ആണെന്നുള്ളത് സ്ഥാപിക്കാനുള്ള രേഖകൾ കമീഷന് മുമ്പാകെ നൽകുകയും ചെയ്തു. കമീഷന് മുമ്പാകെ അഭിഭാഷകരായ കുറ്റിയിൽ ഷാനവാസ്, സലിം ഈരാറ്റുപേട്ട എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.