'രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കാത്തിരിക്കുകയാണ് ബി.ജെ.പി, ആ ലാഭം യു.ഡി.എഫിന് വേണ്ട, മുനമ്പം പ്രശ്നത്തിൽ യു.ഡി.എഫ് നിലപാട് കേന്ദ്രമന്ത്രിക്ക് ശരിവെക്കേണ്ടി വന്നു'
text_fieldsതിരുവനന്തപുരം: വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന യു.ഡി.എഫ് നിലപാടാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ശരിവെച്ചതെന്നും മുനമ്പത്തെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കാത്ത നിയമ പോരാട്ടങ്ങൾക്ക് വാതിൽ തുറന്നിടുന്നതാണ് വഖഫ് ഭേദഗതി ബില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കാത്തിരിക്കുകയാണ് ബി.ജെ.പി. ആ രാഷ്ട്രീയ ലാഭം യു.ഡി.എഫിന് വേണ്ടെന്നും ശാശ്വത പ്രശ്ന പരിഹാരമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.
എന്ത് പ്രതിസന്ധി ഉണ്ടായാലും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് യു.ഡി.എഫിന് ഉറപ്പുണ്ട്. ഇപ്പോൾ പ്രശ്നപരിഹാരത്തിന് തടസമായി നിൽക്കുന്നത് സംസ്ഥാന സർക്കാരും സർക്കാരിന് കീഴിലുള്ള വഖഫ് ബോർഡുമാണ്. വഖഫ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന മുനമ്പം നിവാസികളെ പാടെ നിരാശപ്പെടുത്തുന്നതാണ് സർക്കാർ നിലപാട്. ട്രിബ്യൂണലിനെതിരെ വഖഫ് ബോർഡ് ഹൈക്കോടതിയിൽ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നാണ് ഭൂമി നൽകിയ സേട്ടിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളജും ട്രിബ്യൂണലിൽ വ്യക്തമാക്കിയത്. പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞ് വന്നപ്പോഴാണ് സംസ്ഥാന സർക്കാർ തന്നെ അത് അട്ടിമറിച്ചത്.
വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ബി.ജെ.പിയുടെ വാദം ശരിയല്ലെന്ന് സമ്മതിക്കുന്നതാണ് ബിൽ അവതരിപ്പിച്ച കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ വാക്കുകൾ. വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രബല്യമില്ലെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.