മുനമ്പം: ജുഡീഷ്യൽ കമീഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് ഹൈകോടതി
text_fieldsകൊച്ചി: സിവിൽ കോടതി തീർപ്പാക്കിയ ഭൂമി കേസ് അടക്കം മുനമ്പം വഖഫ് വിഷയത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് സർക്കാറിനോട് ഹൈകോടതി. കേന്ദ്രമാണോ സംസ്ഥാനമാണോ ജുഡീഷ്യൽ കമീഷനെ നിയമിക്കേണ്ടത്, വഖഫ് കേന്ദ്ര നിയമമായതിനാൽ അവിടെ കമീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടോ, കണ്ണിൽ പൊടിയിടാനാണോ ജുഡീഷ്യൽ കമീഷൻ തുടങ്ങിയ വിഷയങ്ങളും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആരാഞ്ഞു. മുനമ്പം ജുഡീഷ്യൽ കമീഷന്‍റെ അന്വേഷണ പരിധി അറിയിക്കാനും നിർദേശിച്ചു. ജുഡീഷ്യൽ കമീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹരജിയാണ് പരിഗണനയിലുള്ളത്.
മുനമ്പത്തെ 104 ഏക്കർ വഖഫ് ഭൂമിയാണെന്ന് നേരത്തേ കോടതി കണ്ടെത്തിയതാണെന്ന് ഹരജി പരിഗണിക്കവേ ഹൈകോടതി വാക്കാൽ പറഞ്ഞു. ഈ ഭൂമി കമീഷന്‍റെ അന്വേഷണ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടോ. ഇതുകൂടി ഉൾപ്പെടുത്തി വീണ്ടും കമീഷനെ നിയമിക്കാൻ എന്ത് അധികാരമാണ് സർക്കാറിനുള്ളത്. കമീഷൻ നിയമനം സർക്കാർ മനസ്സിരുത്തിയെടുത്ത തീരുമാനമല്ല. സിവിൽ കോടതി തീർപ്പാക്കിയ ഉടമസ്ഥാവകാശ വിഷയത്തിൽ കമീഷന് ഇടപെടാനാവില്ല. പിന്നെങ്ങനെ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കാൻ കമീഷന് സാധിക്കും.
തീർപ്പാക്കിയ വിഷയത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ച ഇത്തരം നടപടികൾ ദൂഷ്യഫലമാവും ഉണ്ടാക്കുകയെന്നും കോടതി അഭിപ്രായപ്പെട്ടു. സിവിൽ കോടതി തീർപ്പാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയങ്ങൾ കമീഷന്‍റെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഭൂമി വിഷയം സംസ്ഥാന സർക്കാറിന്‍റെ അധികാരപരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കി. തുടർന്നാണ് മുനമ്പം ജുഡീഷ്യൽ കമീഷന്‍റെ അന്വേഷണ പരിധി സംബന്ധിച്ച് മറുപടി നൽകാൻ നിർദേശിച്ച കോടതി ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിയത്. ഹരജി പരിഗണിക്കുന്നതിൽനിന്ന് കഴിഞ്ഞദിവസം ജസ്റ്റിസ് സി.എസ്. ഡയസ് പിന്മാറിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച പുതിയ ബെഞ്ചിന്‍റെ പരിഗണനക്കെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.