മുനമ്പം കമീഷൻ ഹിയറിങ് പൂർത്തിയായി; ഭൂമി അളക്കണമെന്ന് സംഘടനകൾ
text_fieldsകാക്കനാട്(കൊച്ചി): മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ചെയർമാനായ കമീഷന്റെ ഹിയറിങ് നടപടികൾ പൂർത്തിയായി. മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫാണെന്ന നിലപാടിലുറച്ചാണ് വഖഫ് ബോർഡും വഖഫ് സംരക്ഷണ സമിതിയും വ്യാഴാഴ്ച നടന്ന അവസാന ഹിയറിങ്ങിൽ വാദം ഉന്നയിച്ചത്.
കേരള മുസ്ലിം ജമാഅത്ത് കൗൺസിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. റീസർവേ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഭൂമി വിറ്റ ഫാറൂഖ് കോളജില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന നിലപാട് വഖഫ് ബോര്‍ഡ് ആവർത്തിച്ചു. 1967ൽ പറവൂർ സബ് കോടതി മുമ്പാകെ നാലുതവണ വഖഫ് ആണെന്ന് സത്യവാങ്മൂലം നൽകിയ ഫാറൂഖ് കോളജ് അധികൃതർ ഇപ്പോൾ മാറ്റിപ്പറയുന്നത് ഭൂമി വിൽപന സാധൂകരിക്കാൻ മാത്രമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി കമീഷൻ മുമ്പാകെ പറഞ്ഞു. മെക്ക, കണയന്നൂർ താലൂക്ക് മുസ്ലിം ജമാഅത്ത് കൗൺസിൽ, ഫോറം ഫോർ വഖഫ് പ്രൊട്ടക്ഷൻ എന്നിവർക്കുവേണ്ടി അഭിഭാഷകരായ എ. മുഹമ്മദ്, എം.എം. അലിയാർ, ഇ.എം. ഇബ്രാഹീം, ടി.പി. അബ്ദുൽ ഹമീദ് തുടങ്ങിയവർ കമീഷന് മുന്നിൽ ഹാജരായി. ജമാഅത്ത് ഫെഡറേഷനുവേണ്ടി സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, വർക്കിങ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, ലീഗൽ ഫോറം സംസ്ഥാന കൺവീനർ അഡ്വ. കുറ്റിയിൽ ഷാനവാസ്, പാങ്ങോട് കമറുദ്ദീൻ മൗലവി, വി.എച്ച്. മുഹമ്മദ് മൗലവി, എം.ബി. അബ്ദുൽ ഖാദർ മൗലവി, എം.എം. ജലീൽ പുനലൂർ എന്നിവരും കമീഷന് തെളിവുകൾ കൈമാറി.
ഇപ്പോൾ സമരം നടക്കുന്ന ആരാധനാലയം തന്നെ രേഖയിലുള്ളതിനെക്കാൾ വൻതോതിൽ ഭൂമി കൈവശം െവച്ചിട്ടുണ്ടെന്ന ആരോപണം കമീഷൻ പരിശോധിക്കണമെന്ന് സാമൂഹിക നീതി സംരക്ഷണ പ്രസ്ഥാനത്തിനുവേണ്ടി ചെയർമാൻ പി.എ. പ്രേംബാബു പറഞ്ഞു.
കുഴുപ്പിള്ളി വില്ലേജിലെ 201/3 സർവേ നമ്പറിൽപെടുന്ന പ്രസ്തുത ആരാധനാലയത്തിന്റെ വില്ലേജിൽനിന്നുള്ള രേഖകൾ അദ്ദേഹം ഹാജരാക്കി. പരിഗണനാ വിഷയങ്ങളിൽ പറയുന്ന സർവേ നമ്പറിൽ മൊത്തം 562.30 ഏക്കർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽനിന്ന് 404.76 ഏക്കർ കൃത്യമായി സർവേ ചെയ്ത് വേർതിരിച്ച് പഠിക്കാതെ ഭൂമിയുടെ അതിർത്തിപോലും കണ്ടെത്താനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നതിന് മുഖ്യ തെളിവ് സിദ്ദീഖ് സേട്ട് 1950ൽ എഴുതിയ കരാര്‍ തന്നെയാണെന്നും വഖഫ് എന്ന ആശയത്തിനുതന്നെ നിരക്കാത്ത രണ്ടു വ്യവസ്ഥകൾ ആ രേഖയിലുള്ളത് വഖഫ് ബോർഡ് കണ്ടില്ലെന്ന് നടിച്ചെന്നും മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. വഖഫ് നിയമങ്ങളിലെ എട്ട് വിഭാഗങ്ങളിൽ അടിയന്തര ഭേദഗതി വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.