ബോട്ടിൽ ഇടിച്ചത് എം.വി ദേശ് ശക്തി തന്നെ; ക്യാപ്റ്റനും ജീവനക്കാരും കസ്റ്റഡിയിൽ
text_fieldsകൊച്ചി: മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് ഇടിച്ചുതകർത്ത ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പൽ എം.വി ദേശ്ശക്തിയുടെ ക്യാപ്റ്റനും രണ്ടു ജീവനക്കാരും കസ്റ്റഡിയിൽ. ക്യാപ്റ്റൻ ബി.എസ്. അലുവാലിയ, സെക്കൻഡ് ഓഫിസർ നന്ദകിഷോർ, സീമാൻ രാജ്കുമാർ എന്നിവരാണ് ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസിെൻറ കസ്റ്റഡിയിലുള്ളത്. ഇവരെ ബുധനാഴ്ച കൊച്ചിയിലെത്തിക്കും.
മംഗലാപുരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘവും മറൈൻ മർക്കൈൻറൽ വിഭാഗവും ഫോറൻസിക് പരിശോധന നടത്തിയിരുന്നു. കപ്പലിെൻറ മുൻഭാഗം ബോട്ടിൽ ഇടിച്ചതിന് തെളിവുകളുണ്ട്. ബോട്ടിെൻറ പെയിൻറിെൻറ അംശവും പരിശോധനയിൽ വ്യക്തമായി. കപ്പലിെൻറ വോയേജ് ഡാറ്റ െറക്കോഡർ, ഇലക്ട്രോണിക് ചാർട്ട് ഡിസ്പ്ലേ ആൻഡ് ഇൻഫർമേഷൻ(ഇ.സി.ഡി.ഐ.സി) എന്നിവയിൽനിന്നും നിർണായക വിവരങ്ങൾ കിട്ടി.
മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ കപ്പലിെൻറ അടിഭാഗത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് ബോട്ടിൽ ഇടിച്ച കപ്പൽ ദേശ് ശക്തിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്നാണ് കപ്പൽ ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ബോട്ടിൽ ഇടിച്ചതായി അറിയില്ലെന്നാണ് ക്യാപ്റ്റൻ അലുവാലിയയുടെ മൊഴി. അപകടസമയത്ത് നന്ദകിഷോറിനായിരുന്നു കപ്പലിെൻറ ചുമതല. മൂന്നുപേരെയും കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് ഉൾപ്പെടെ തുടർനടപടികളുണ്ടാവുക.
മുനമ്പം അപകടത്തിൽ എം.വി ദേശ് ശക്തി ആദ്യം മുതൽ സംശയനിഴലിലായിരുന്നു. അപകടസമയത്തെ കപ്പലിെൻറ സ്ഥാനവും ദിശയും കണക്കാക്കിയായിരുന്നു അത്തരമൊരു നിഗമനം. ഡോണിയർ വിമാനത്തിൽ നടത്തിയ നിരീക്ഷണത്തിനുശേഷം നാവികസേന ഇക്കാര്യം കപ്പൽ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ, കപ്പൽ അപകടമുണ്ടാക്കിയിട്ടില്ലെന്നും വിവരം ഓഫിസിൽ അറിയിച്ചശേഷം തുടർനടപടി സ്വീകരിക്കാമെന്നുമായിരുന്നു ജീവനക്കാരുടെ നിലപാട്. നാവികസേന ഇക്കാര്യങ്ങൾ ഡി.ജി ഷിപ്പിങ്ങിനെ അറിയിച്ചു. തുടർന്ന് ഷിപ്പിങ് അധികൃതരുടെ നിർദേശത്തെത്തുടർന്നാണ് കപ്പൽ മംഗലാപുരത്ത് അടുപ്പിച്ചത്.
ഏഴിന് പുലർച്ച 3.30ഓടെ കൊച്ചി തുറമുഖത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെ നാട്ടിക തീരത്തായിരുന്നു അപകടം. ബോട്ടിൽ ഇടിച്ചശേഷം കപ്പൽ നിർത്താതെപോകുകയായിരുന്നു. 14 തൊഴിലാളികളിൽ രണ്ടുപേരാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. മലയാളി ഉൾപ്പെടെ ഏഴുപേരുടെ മൃതദേഹങ്ങൾ ലഭിച്ചു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
