ക്യാപ്റ്റനും മേജറും ഒന്നും പ്രസക്തമല്ല, സോൾജ്യേഴ്സാണ് വേണ്ടത് -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതൃനിരയിലുണ്ടായ ക്യാപ്റ്റൻ - മേജർ തർക്കത്തെക്കുറിച്ച് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ക്യാപ്റ്റനും മേജറും തമ്മിലെ പോരാട്ടം പ്രസക്തമല്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ക്യാപ്റ്റൻ, മേജർ, സോൾജ്യർ എന്നിങ്ങനെ പലതരം വിളികൾ ഇപ്പോൾ കോൺഗ്രസിൽ വരുന്നുണ്ടല്ലോ, ഈ വിളികൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ക്യാപ്റ്റനും മേജറും ഒന്നുമല്ല ഇപ്പോൾ ഇവിടുത്തെ പ്രശ്നം. കോൺഗ്രസിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന കർമ ഭടന്മാരുടെ വലിയ പട നിരയാണ് ഇവിടെ വേണ്ടത്. അല്ലാതെ ക്യാപ്റ്റനും മേജറും തമ്മിലെ പോരാട്ടം പ്രസക്തമല്ല. സോൾജ്യേഴ്സാണ് വേണ്ടത്. പതിനായിരക്കണക്കിന് സോൾജ്യേഴ്സ് ഞങ്ങള്‍ക്കുണ്ട് -മുല്ലപ്പള്ളി മറുപടി പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്യാപ്റ്റനെന്നും രമേശ് ചെന്നിത്തലയെ മേജറെന്നും വിശേഷിപ്പിച്ചത്. എന്നാൽ, താൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും അന്ന് തന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. രമേശ് ചെന്നിത്തല ക്യാപ്റ്റനല്ല മേജർ ആണെന്ന് പറഞ്ഞ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു.
ഇതിനെതിരെ പാർട്ടിക്കുള്ളിൽ പല നേതാക്കളും രംഗത്തെത്തി. ‘ക്യാപ്റ്റൻ’, ‘മേജർ’ വിളികൾ നാണക്കേടെന്നും നേതാക്കൾ അപഹാസ്യരാകരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ സംഘടനാ പ്രമേയത്തിലും വിമർശനമുയർന്നു. ഒടുവിൽ ക്യാപ്റ്റൻ-മേജർ തർക്കം ഒഴിവാക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം തന്നെ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

