Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പള്ളി...

മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയുമെന്ന സൂചന നൽകി രമേശ് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala- Mullappally ramachandran
cancel

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയുമെന്ന സൂചന നൽകി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു അപശബ്ദം പോലും ഉണ്ടാവാതെ മുല്ലപ്പള്ളി പാർട്ടിയെ മുന്നോട്ട് നയിച്ചു. പാർട്ടി നേതാക്കന്മാരെ പൊതുസമൂഹത്തിനു മുമ്പിൽ ബുദ്ധിമുട്ടിക്കാതെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ച മുല്ലപ്പള്ളി കോൺഗ്രസിന്‍റെ മുതൽകൂട്ടാണ്. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് മുല്ലപ്പള്ളിയെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കേണ്ടിവരും. മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാവിധ ആശംസകൾ നേരുന്നതായും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്‍റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാസ്തവത്തിൽ ഇന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

കെ.എസ്‌.യു, യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്ത് അദ്ദേഹം സജീവമാകുന്നത്. കെ.എസ്‌.യു ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട്, കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാൻ എന്നീ പദവികളിൽ കൂടെ കടന്നു വന്ന അദ്ദേഹം, 1978ൽ പാർട്ടി പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയോടൊപ്പം നിലയുറപ്പിച്ചു. കേരളത്തിലെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പൂർണമായും കാൽനടയായി സഞ്ചരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ ഞാനോർക്കുകയാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടായി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ പദയാത്ര അന്നത്തെ യൂത്ത് കോൺഗ്രസിന് ഊർജ്ജം പകർന്നു നൽകുന്നതായിരുന്നു.

എട്ടുതവണ പാർലമെന്‍റ് അംഗമായി പ്രവർത്തിച്ച വ്യക്തിയാണ്. അതും മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തമായ കോട്ടകളായ കണ്ണൂരും വടകരയും അടക്കമുള്ള മണ്ഡലങ്ങളിൽ നിന്നാണ് ജയിച്ചത്. ഒരുമിച്ച് നാലു തവണ പാർലമെൻറ് അംഗങ്ങളായി പ്രവർത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. രണ്ടു തവണ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. പാർലമെന്‍റിൽ അതിമനോഹരമായി ഇംഗ്ലീഷിൽ പ്രസംഗിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ എല്ലാ എം.പിമാരും ശ്രദ്ധിച്ചിരുന്നു. രാജീവ് ഗാന്ധി അദ്ദേഹത്തെ എ.ഐ.സി.സി സെക്രട്ടറിയാക്കി വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏൽപ്പിച്ചു. ദേശീയ നേതാക്കളുമായി ഊഷ്മളമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിൽ ഒരു പരാതിക്കും ഇടനൽകാതെ ഭംഗിയായി കാര്യങ്ങൾ നിറവേറ്റി.

സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരു കുടുംബത്തിലെ അംഗമായത് കൊണ്ടാവാം, ഒരിക്കലും കമ്മ്യൂണിസ്റ്റുകാർക്ക് മുമ്പിൽ മുട്ടുമടക്കാതെ ധീരമായി പോരാടി. സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലനാണ് അദ്ദേഹത്തിന്‍റെ പിതാവ്. ഞങ്ങൾക്ക് ഒരുപാട് സ്നേഹം പകർന്നു നൽകിയ അദ്ദേഹത്തിന്‍റെ മാതാവ് ധന്യമായ ഒരു വ്യക്തിത്വമായിരുന്നു. അഴിമതിയുടെ കറപുരളാത്ത, ആദർശ ശുദ്ധിയുള്ള പൊതു സമൂഹത്തിൽ ഏറ്റവും കൂടുതൽ മൂല്യങ്ങൾ സൂക്ഷിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് കഴിഞ്ഞ 40 വർഷക്കാലത്തെ പരിചയം കൊണ്ട് എനിക്ക് അദ്ദേഹത്തെ അറിയാവുന്നത്. പാർട്ടി പറഞ്ഞ ഓരോ അവസരങ്ങളിലും ചിറ്റൂരിലും നിലമ്പൂരിലുമടക്കം ഓരോ ഉപതെരഞ്ഞെടുപ്പുകളിലും വെല്ലുവിളികൾ ഏറ്റെടുത്ത് മത്സരിച്ച വ്യക്തിയാണ്.

മലബാറിലെ കോൺഗ്രസിന്‍റെ കരുത്താണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നതിൽ യാതൊരു സംശയവും വേണ്ട. ജനഹൃദയങ്ങളിൽ ജീവിക്കുന്ന വ്യക്തിയാണദ്ദേഹം. കോൺഗ്രസ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു. ആ പ്രക്രിയ പൂർത്തീകരിച്ച് രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത് പ്രഖ്യാപിച്ചത് ചരിത്ര മുഹൂർത്തമായി ഞാനിപ്പോഴും കാണുന്നു. അങ്ങനെ ചരിത്രത്തിലെ തങ്കത്താളുകളിൽ സ്ഥാനംപിടിച്ച വ്യക്തിയാണ്. ഔദ്യോഗിക കാര്യങ്ങളോ പാർട്ടി പദവികളോ സ്വന്തം കാര്യത്തിനു വേണ്ടി ഒരിക്കലും ഉപയോഗിക്കാത്ത നിർമലമായ വ്യക്തിത്വം. ഒരു ആരോപണവും ഇത്രയും കാലമായി അദ്ദേഹത്തിനെതിരെ ഉന്നയിക്കാൻ സാധിക്കാത്തത് ആ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്.

കെ.പി.സി.സി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് പ്രത്യേക കാലഘട്ടത്തിലാണ്. കേരളത്തിലെ കോൺഗ്രസിന് പല കാരണങ്ങൾ കൊണ്ടും പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. പഴയകാല കെ.എസ്‌.യു അല്ല ഇപ്പോഴത്തെ കെ.എസ്‌.യു. പഴയകാല യൂത്ത് കോൺഗ്രസ് അല്ല ഇപ്പോഴത്തേത്. ഈ പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ട് നയിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് സാധിച്ചു. പക്ഷേ അദ്ദേഹം അർഹിക്കാത്ത വിമർശനവും പരിഹാസവും നിരത്തി അപമാനിക്കാനുള്ള നീക്കവും ധാരാളമായി ഉണ്ടായി. എനിക്കും അദ്ദേഹത്തിനും സി.പി.എമ്മിന്‍റെ സൈബർ വെട്ടുകിളിക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. കോൺഗ്രസ് നേതാക്കളെ അപമാനിക്കാനും അവഹേളിക്കാനും സി.പി.എമ്മിന്‍റെ സൈബർ സംവിധാനം എല്ലാ ഘട്ടത്തിലും പ്രവർത്തിച്ചു. അപ്പോഴും വേണ്ട വിധത്തിലുള്ള പ്രതിരോധം തീർക്കാൻ നമ്മുടെ പാർട്ടിക്ക് ആയില്ല എന്നത് ഒരു സത്യം തന്നെയാണ്.

പിന്തിരിഞ്ഞു നോക്കുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിലാണ് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മൻചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചു കണ്ടില്ല. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവും ആ തെരഞ്ഞെടുപ്പിൽ പ്രധാനകാരണമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. നിയമസഭ പരാജയത്തിനു ശേഷം അദ്ദേഹം കൂടുതൽ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ പരാജയത്തിന് ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ തോൽവിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാൾ കൂടുതൽ എനിക്കും ഉമ്മൻചാണ്ടിക്കും മറ്റുനേതാക്കൾക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രൻ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണെന്ന് പറയാൻ കാരണമുണ്ട്. അദ്ദേഹത്തിന്‍റെ ആദർശനിഷ്ഠ, അചഞ്ചലമായ പാർട്ടി കൂറ്, ചടുലമായ നീക്കങ്ങൾ, കഴിവ്, ഇതൊന്നും വിലയിരുത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്‍റെ പ്രവർത്തന പാരമ്പര്യം, പ്രവർത്തന ക്ഷമത ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. എന്നോടോ ഉമ്മൻചാണ്ടിയോടോ മറ്റു പ്രധാന നേതാക്കളോടോ ചർച്ച ചെയ്യാതെ അദ്ദേഹം ഒരു കാര്യവും കൈകൊണ്ടിട്ടില്ല. അതിനർത്ഥം ഈ തീരുമാനത്തിന്‍റെ നേട്ടത്തിലും കോട്ടത്തിലും എല്ലാ നേതാക്കന്മാർക്കും ഒരേപോലെ പങ്കാളിത്വം ഉണ്ടെന്നാണ്. സോഷ്യൽ മീഡിയ വഴി ആരെയും ആക്ഷേപിക്കാൻ സാഹചര്യമുള്ളതിനാൽ മുല്ലപ്പള്ളിയുടെ നല്ലവശം ആരും ശ്രദ്ധിച്ചില്ല. വളരെ ശ്രമകരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.

കടത്തനാടിന്‍റെ മണ്ണിന്‍റെ കരുത്തുമായി പോരാടിയ വ്യക്തിയാണ് അദ്ദേഹം. പാർട്ടിയെ ഒരു സന്ദർഭത്തിലും പ്രതിസന്ധിയിലേക്ക് തള്ളി വിടാത്ത നേതാവാണ് എന്ന് ഉറപ്പായും പറയാൻ പറ്റും. പല ഘട്ടങ്ങളിലും അതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. സ്വന്തം മഹത്വം ഉയർത്തിപ്പിടിക്കാൻ പാർട്ടിയും പാർട്ടി പദവികളും അദ്ദേഹം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കർമ്മനിരതനായ നേതാവ് എന്ന നിലയിൽ ആദർശ സുരഭിലമായ ഒരു ജീവിതം നയിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും പാർട്ടിയും സമൂഹവും നീതി കാണിച്ചിട്ടുണ്ടോ എന്ന ചോദ്യം എന്‍റെ മനസ്സിൽ മുഴങ്ങുന്നു. നീതി നൽകിയില്ല എന്നതാണ് എന്‍റെ വിശ്വാസം.

നാളെ കാലവും ചരിത്രവും ഞാനീ പറയുന്ന യാഥാർഥ്യം മുറുകെ പിടിക്കും എന്നതിൽ സംശയമില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രവർത്തനങ്ങൾ എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തായിരിക്കും, ശക്തിയായിരിക്കും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഞാനെന്നും വിലമതിക്കുന്നു. ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ നൽകിയ എല്ലാവിധ പിന്തുണയും പൂർണ്ണമനസ്സോടെ ഓർക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. സംഘടനാ ദൗർബല്യം എന്നത് ഒരു വ്യക്തിയുടെ മാത്രം കുറവല്ല. കൂട്ടായ നേതൃത്വത്തിലുണ്ടായ പോരായ്മകളായി ഞാൻ കണക്കാക്കുന്നു. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മറ്റു മുതിർന്ന നേതാക്കൾക്കും ഇല്ലാത്ത യാതൊരു ഉത്തരവാദിത്വവും മുല്ലപ്പള്ളി രാമചന്ദ്രനെ തലയിൽ ആരും കെട്ടിവെക്കേണ്ട. എനിക്കും ഉമ്മൻ ചാണ്ടിക്കു ശേഷം മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഉത്തരവാദിത്വമുള്ളത്.

ഒരു അപശബ്ദം പോലും ഉണ്ടാവാതെ പാർട്ടിയെ മുന്നോട്ട് നയിച്ചു. പാർട്ടി നേതാക്കന്മാരെ പൊതുസമൂഹത്തിനു മുമ്പിൽ ബുദ്ധിമുട്ടിക്കാതെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ മുതൽകൂട്ടാണ്. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാവിധ ആശംസകളും നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaKPCC presidentMullappally ramachandrancongress
News Summary - Mullappally KPCC president Ramesh Chennithala has hinted that he will step down
Next Story