തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരാണ് സംയുക്ത വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർത്തിയത്.
മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണം. ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ രഹസ്യ സൂക്ഷിപ്പുകാരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കുട പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.ടി വകുപ്പിൽ പിൻവാതിൽ നിയമനം ആണ് നടക്കുന്നതെന്നും ആരോപണം. സി ഡിറ്റിൽ മാത്രം 51 അനധികൃത നിയമനം നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശിവശങ്കർ ചെയ്തതെല്ലാം നിയമ വിരുദ്ധമാണ്. ശിവശങ്കറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
Latest Video: