മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കാൻ സാധ്യത; കൊയിലാണ്ടി, നാദാപുരം മണ്ഡലങ്ങൾ പരിഗണനയിൽ
text_fieldsകോഴിക്കോട്: കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കൊല്ലം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കൊയിലാണ്ടി, നാദാപുരം മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്. മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം നേതാക്കള്‍ക്കിടയില്‍ ചർച്ചയായതായി സൂചനയുണ്ട്. ഉത്തരമലബാറിലെ സാമുദായിക സന്തുലനത്തിന് മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
നിയമസഭ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണം എന്നതിനെക്കുറിച്ച് കോൺഗ്രസിൽ വിശദമായ ചർച്ചകൾ നടക്കുന്നുണ്ട്. വയനാട്ടിൽ നാല്, അഞ്ച് തീയതികളിൽ നടക്കുന്ന ക്യാമ്പിൽ ഇക്കാര്യങ്ങളും വിഷയമാകും. മുൻ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുല്ലപ്പള്ളിയെ കോഴിക്കോട്ട് മത്സരിപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഏത് മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നത് മുല്ലപ്പള്ളിയുടെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനിക്കുക.
ബംഗാൾ, അസം, കേരളം, തമിഴ്നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ അസം, ബംഗാൾ, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയായി. ബിഹാറിലേതിന് സമാനമായ രാഷ്ട്രീയ അടിയൊഴുക്കുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിത്തട്ടിലെ പ്രവർത്തനം ശക്തമാക്കാൻ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ മത്സരിക്കാനുള്ള സന്നദ്ധത സൂചിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിൽ ഇതുവരെ ഒരു ഘട്ടത്തിലും സ്ഥാനാര്‍ഥിത്വം നിഷേധിച്ച് കടന്നുപോയിട്ടില്ലെന്നും മത്സരിക്കുന്ന കാര്യത്തിൽ തന്റെ തീരുമാനം തന്നെയാണ് പ്രധാനം. കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതാണ്. കെ.പി.സി.സി പ്രസിഡന്റായതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കും മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. തനിക്ക് മത്സരിക്കാനൊന്നും ഒരു കാലത്തും പ്രയാസമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

