മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു; ഉപസമിതി സന്ദർശനം 18ന്
text_fieldsകുമളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മൂന്നടി ഉയർന്ന് 123ലെത്തി. അണക്കെട്ടിലേക്ക് സെക്കൻഡിൽ 746.25 ഘനയടി ജലം ഒഴുകിയെത്തുമ്പോൾ തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1200 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്.
അണക്കെട്ടിൽ മഴക്കാലത്ത് സ്വീകരിക്കാറുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് നൽകാൻ അഞ്ചംഗ ഉപസമിതി ജൂലൈ 18ന് അണക്കെട്ട് സന്ദർശിക്കും.മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി വൈഗ ഡാമിൽനിന്ന് കഴിഞ്ഞ ദിവസം മധുര, ദിണ്ടുക്കൽ ജില്ലകളിലേക്ക് ജലം തുറന്നുവിട്ടിരുന്നു. ഈ മേഖലയിലെ കാർഷിക ആവശ്യങ്ങൾക്കാണ് ജലം തുറന്നുവിട്ടത്.

