മുല്ലപ്പെരിയാർ ജലം കുതിച്ചെത്തിയത് ഇരുളിെൻറ മറവിൽ
text_fieldsകട്ടപ്പന: രക്ഷപ്പെടാനുള്ള തത്രപ്പാടിൽ സർവവും ഉപേക്ഷിച്ച് പെരിയാർ തീരവാസികൾ പരക്കം പാഞ്ഞു. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 2.30ഒാടെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടത്. സ്പിൽവേയിലെ 13 ഷട്ടറും ഒരേസമയം തുറന്നതോടെ ജലം പൊടുന്നനെ കലിതുള്ളി തീരത്തെ എല്ലാം തകർത്ത് ഒഴുകുകയായിരുന്നു.
ഡാമിലെ ജലനിരപ്പ് ഉയരുകയാണെന്നും തുറന്നുവിടാൻ സാധ്യതയുണ്ടെന്നും രാത്രി ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് ഉണ്ടായെങ്കിലും ഭൂരിഭാഗം പേരും അറിഞ്ഞിരുന്നില്ല. വീടൊഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ അധികൃതർ എത്തുമ്പോഴാണ് പലരും അറിഞ്ഞത്. മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് മുമ്പ് സൈറൺ മുഴക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചപ്പാത്ത്, ഉപ്പുതറ മേഖലയിൽ അതുണ്ടായില്ല. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ ചിലരൊക്കെ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. വണ്ടിപ്പെരിയാർ മുതൽ ഉപ്പുതറവരെ പ്രദേശത്തെ അപകട സാധ്യതയുള്ള വീടുകളിലെ ആളുകൾ സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. പുലർച്ചയുണ്ടായ മുല്ലപ്പെരിയാർ ജലപ്രവാഹത്തിൽ നദീതീരത്തെ സർവവും കടപുഴകി ഒലിച്ചുപോയി. ചപ്പാത്ത് പാലത്തിനോട് ചേർന്ന വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിലെ കുട്ടിക്കാനം പാലത്തിൽ മുട്ടി ആദ്യഘട്ടത്തിൽ ജലമൊഴുകി. പുലർച്ച ഡാമിെൻറ മൂന്ന് ഷട്ടർ അടച്ചു. പിന്നീട് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി സംസാരിച്ചശേഷമാണ് ഡാമിെൻറ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.
മുഴുവൻ ഷട്ടറുകളും തുറന്നതോടെ ബുധനാഴ്ച ഉച്ചയോടെ സെക്കൻഡിൽ 20,000 ഘനയടി ജലമാണ് ഒഴുകിയെത്തിയത്. ഇതോടെ ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി.
പാലത്തിെൻറ മുകളിൽ മൂന്നടിവരെ ജലമുയർന്നു. ഉപ്പുതറ പാലവും വെള്ളത്തിലായി. ഉപ്പുതറ ടൗണിലും ചപ്പാത്ത് ടൗണിലും വെള്ളം കയറി. പല വീടുകളും പെട്ടിക്കടകളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ഉയർന്ന് ഉപ്പുതറ പാലത്തിന് സമീപംവരെ എത്തി. കട്ടപ്പന-കുട്ടിക്കാനം, കട്ടപ്പന-ഉപ്പുതറ റോഡുകളിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ മേഖലയിലെ ജനങ്ങളെ ഉപ്പുതറ സെൻറ് ഫിലോമിനാസിലെയും ചപ്പാത്തിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിപ്പിച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാർ സമരപ്പന്തൽ ജലം തുടച്ചുനീക്കി
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്നും തമിഴ്നാടുമായി പുതിയ കരാർ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ചപ്പാത്തിൽ നടത്തിവന്നിരുന്ന സമരത്തിെൻറ സിരാകേന്ദ്രമായിരുന്ന ചപ്പാത്തിലെ സമരപ്പന്തൽ ആർത്തലച്ചുവന്ന ജലപ്രവാഹത്തിൽ ഒലിച്ചുപോയി. സമീപത്തുണ്ടായിരുന്ന ബോർഡുകളും പെട്ടിക്കടകളും ജലം കവർന്നെടുത്തു. എം.എൽ.എമാരും നിരവധി നേതാക്കന്മാരും നിരാഹാര സമരം നടത്തിയ സമരപ്പന്തൽ ഒരാർമയായി മാറി. മുല്ലപ്പെരിയാർ സമരസമിതി പ്രതിഷേധ കൂട്ടായ്മ നടത്തിയ തൊട്ടുപുറകെയാണ് ജലപ്രവാഹത്തിൽ സമരപ്പന്തലും തുടച്ചു നീക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
