മൂക്കുന്നിമല കൈേയറ്റം അന്വേഷണം അട്ടിമറിക്കുന്നു; ക്വാറി മാഫിയയുടെ സമ്മർദമെന്ന് സംരക്ഷണസമിതി
text_fieldsതിരുവനന്തപുരം: മൂക്കുന്നിമല കൈയേറ്റം സംബന്ധിച്ച വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നു. ക്വാറി മാഫിയക്ക് സഹായം ചെയ്ത ഉന്നതഉദ്യോഗസ്ഥർക്കെതിരായ റിപ്പോർട്ട് കോടതിക്ക് കൈമാറാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ റാബിത്തിനെ സ്ഥലംമാറ്റി കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചു. അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്ന ഡിവൈ.എസ്.പിയെ നേരത്തേ മാറ്റിയിരുന്നു.തൊഴിൽരഹിതർക്ക് റബർ കൃഷി ചെയ്യാനായി കൈമാറിയ വനംവകുപ്പ് ഭൂമി കൈയേറി ക്വാറിയും ക്രഷറും പ്രവർത്തിക്കുെന്നന്ന സുപ്രധാനമായ കണ്ടെത്തലാണ് വിജിലൻസ് അന്വേഷണത്തിലുണ്ടായത്.
പള്ളിച്ചൽ പഞ്ചായത്ത്- മൈനിങ് ആൻഡ് ജിയോളജി- റവന്യൂ ഉദ്യോഗസ്ഥരും ക്വാറി ഉടമകളും ഉള്പ്പെടെ 40 പേരെയാണ് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതും. അന്വേഷണം പുരോഗമിക്കവെ മുൻ ലാൻഡ് റവന്യൂ കമീഷണർ ടി.ഒ. സൂരജ്, ജില്ല കലക്ടർമാരായിരുന്ന കെ.എൻ. സതീഷ്, ബിജുപ്രഭാകർ എന്നിവരുടെ പങ്കും വിജിലൻസ് പരിശോധിച്ചു.
ക്വാറി മാഫിയക്ക് ഉദ്യോഗസ്ഥർ സഹായം നൽകിയെന്ന വിലയിരുത്തലാണ് വിജിലൻസിനുള്ളത്. ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കിയുള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈ.എസ്.പി ആർ.ഡി. അജിത്തും സി.ഐ റാബിയത്തും ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. അതിന് അംഗീകാരം പ്രതീക്ഷിച്ചിരിക്കുമ്പോൾ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തരവായത്. അന്വേഷണം അട്ടിമറിക്കാൻ ഉന്നതഉദ്യോഗസ്ഥരും ക്വാറി മാഫിയയും ചേർന്ന് നടത്തിയ സമ്മർദമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്ന് മൂക്കുന്നിമല സംരക്ഷണസമിതി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
