മഞ്ചേരിക്ക് അഭിമാനം: മുക്കം സാജിദക്ക് ഫോക്ലോർ അക്കാദമി അവാർഡ്
text_fieldsമഞ്ചേരി: മൂന്ന് പതിറ്റാണ്ടിലധികമായി മാപ്പിളപ്പാട്ട് കലാരംഗത്ത് നിറസാന്നിധ്യമായ മഞ്ചേരി മാരിയാട് സ്വദേശിനി മുതുക്കാട്ടിൽ വീട്ടിൽ സാജിദക്ക് ഫോക്ലോർ അക്കാദമിയുടെ അവാർഡ്. സ്കൂൾ പഠനസമയത്ത് തന്നെ സാജിദ മാപ്പിളപ്പാട്ട് രംഗത്തുണ്ട്. എട്ടാമത്തെ വയസ്സിലാണ് ആദ്യമായി ഗാനം ആലപിക്കുന്നത്.
'കിളിയേ..ദിക്റ് പാടിയേ കിളിയേ', 'പടപ്പ് പടപ്പോട്', 'കേക്കണോ പൊന്നാങ്ങളെ'.. തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദം നൽകി. ഏറ്റവും മികച്ച ഗായികക്കുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.
പിന്നീട് മാപ്പിളപ്പാട്ട് സംഗീതരംഗത്തും സജീവമായി. 25ലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ചേറ്റുവ പരീക്കുട്ടിയുടെ വരികൾക്കാണ് ആദ്യമായി സംഗീത നൽകിയത്. ഒ.എം. കരുവാരകുണ്ട്, ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ വരികൾക്കും സംഗീതം നൽകിയിട്ടുണ്ട്.
കീബോർഡിസ്റ്റ് സലീൽ മലപ്പുറം ആണ് ഭർത്താവ്. അബൂദബിയിൽ സംഗീത ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുകയാണ്. അലി അംജദ്, അലി ഷഹദാദ്, അലി ഷബാബ് എന്നിവർ മക്കളാണ്.

