പെട്രോൾ പമ്പിലെ കവർച്ച; മൂന്നു പേർ കസ്റ്റഡിയിൽ
text_fieldsമുക്കം (കോഴിക്കോട്): കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ മുക്കം മാങ്ങാപ്പൊയിൽ പെട്രോൾ പമ്പിൽ നിന്നും കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പേർ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണെന്നും സൂചന.
ഡിവൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് ആണ് കേസ് അന്വേഷിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും സമാനമായ മറ്റ് കേസുകളുമെല്ലാം അന്വേഷിച്ചാണ് സംഘം പ്രതികളിലേക്ക് എത്തിയതെന്നാണ് വിവരം. തമിഴ്നാട് രജിസ്‌ട്രേഷൻ നമ്പറുള്ള മാരുതി ആൾട്ടോ കാറിലാണ് മോഷ്ടാക്കൾ എത്തിയിരുന്നത്. അത് കൊണ്ട് ആദ്യഘട്ടത്തിൽ പ്രതികൾ തമിഴ്നാട് സ്വദേശികളാണന്ന സംശയത്തിലായിരുന്നു പൊലീസ്.
തമിഴ്നാട്ടിലെ മേട്ടുപാളയത്ത് പെട്രോൾ പമ്പിൽ ഇതേ രീതിയിൽ കാറിലെത്തിയ സംഘം മോഷണം നടത്തിയിട്ടുണ്ട് എന്നതും അവിടുന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിൽ ഉള്ളവരും മുക്കത്തെ പമ്പിലെ സി.സി.ടി.വിയിലെ ദൃശ്യത്തിൽ ലഭിച്ച ആളുകളുമായി സാമ്യം ഉള്ളതാണെന്നതും പൊലീസിന്‍റെ സംശയം ബലപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മുക്കം നഗരസഭയിലെ നീലേശ്വരം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ മോഷണം നടന്നത്.
ഇന്ധനം നിറക്കാനായാണ് നാലംഗ സംഘം വെള്ള കാറിൽ പമ്പിലെത്തിയത്. ഇതിനിടെ മൂന്നുപേർ വാഹനത്തിൽ നിന്നിറങ്ങി. ഇതിൽ ഒരാൾ ശൗചാലയത്തിന് സമീപത്തേക്ക് പോയി. ഇന്ധനം നിറച്ച് കാർ പുറത്തേക്ക് പോയതിന് ശേഷം ജീവനക്കാരൻ മേശയിൽ തലവെച്ച് കിടന്നു. ഇതിനിടെ പിന്നിലൂടെ എത്തിയ രണ്ട് പേർ ജീവനക്കാരനായ സുരേഷിന്‍റെ കണ്ണിലേക്ക് മുളകുപൊടി വിതറുകയായിരുന്നു. മൂന്നാമൻ താൻ ധരിച്ചിരുന്ന മുണ്ടുകൊണ്ട് പമ്പ് ജീവനക്കാരന്‍റെ മുഖം മറച്ച ശേഷം പണം അപഹരിച്ചു.