രണ്ട് വർഷങ്ങളായി 60കാരൻ താമസിക്കുന്നത് ശുചിമുറിയിൽ, വീടില്ലാത്ത സദാനന്ദൻ വീട്ടുനികുതി അടക്കണമെന്ന് മുക്കം നഗരസഭ
text_fieldsമുക്കം: 60കാരനായ സദാനന്ദൻ രണ്ടു വർഷങ്ങളായി താമസിക്കുന്നത് വീടിന് തൊട്ടടുത്തുള്ള ശുചിമുറിയിലാണ്. മുക്കം തെച്ചിയാട് വെള്ളിപറമ്പ് വീട്ടിൽ സദാനന്ദൻ താമസിച്ചിരുന്ന പഴയ ഷെഡ് പൊളിഞ്ഞതിനു ശേഷം വേറെ നിവൃത്തിയില്ലാത്തതിനാൽ ശുചിമുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതും താമസവും ഭക്ഷണവും എല്ലാം ഒരേ ഇടത്തുതന്നെ.
കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വ്യക്തിയാണ് സദാനന്ദൻ. വോട്ട് ചോദിക്കാൻ വരുന്നവരോടും വോട്ട് ചെയ്യാൻ പോകുമ്പോഴും എല്ലാം സദാനന്ദൻ പറയും തനിക്ക് വീടില്ല, വെള്ളമില്ല എന്നൊക്കെ. 'ഒക്കെ നമുക്ക് ശരിയാക്കാം' എന്ന പതിവ് പല്ലവി മാത്രമാണ് എല്ലായ്പോഴും മറുപടി. 15 വർഷത്തോളമായി പൊളിഞ്ഞ ഷെഡിലായിരുന്നു താമസം. അവിടെ താമസിക്കാൻ ഒരു നിവൃത്തിയുമില്ലായതോടെ ശുചിമുറിയിലേക്ക് താമസം മാറ്റുകയായിരുന്നു.
പനയോല വെട്ടാൻ പോകുന്ന ജോലിയായിരുന്നു സദാനന്ദൻ ചെയ്തുകൊണ്ടിരുന്നത്. ഇതിനിടെ പനയിൽ നിന്നും വീണ് പരിക്കേറ്റു ഏറെക്കാലം ആശുപത്രിയിലായി. ഇതോടെ കാര്യമായ ജോലിക്കൊന്നും പോകാൻ പറ്റാതായി. നാട്ടുകാരുടെ സഹായം കൊണ്ടും അങ്ങാടിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കൊണ്ടും ആരെങ്കിലും നൽകുന്ന ചെറിയ പൈസയും കൊണ്ടുമെല്ലാമാണ് ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്. ഇതിനിടെ വീട് താമസയോഗ്യമക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
വീടില്ലാത്ത സദാനന്ദന് ഇപ്പോൾ മുക്കം നഗരസഭയുടെ നികുതി അടക്കാനുള്ള നോട്ടീസ് വന്നിട്ടുണ്ട് എന്നതാണ് ഏറ്റവും പരിഹാസ്യമായ അവസ്ഥ. വീടില്ലാത്ത താൻ എന്തിനാണ് നികുതി അടക്കുന്നത് എന്നാണ് ന്യായമായും സദാനന്ദന്‍റെ സംശയം. സദാനന്ദനു വീടില്ലെന്ന കാര്യം നാട്ടുകാർക്ക് അറിയാമെങ്കിലും കക്കൂസിലാണ് താമസം എന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞതെന്നും എത്രയും പെട്ടെന്ന് ഇയാൾക്ക് വീട് നൽകാൻ നഗര സഭ തയ്യാറാകണമെന്നും സദാനന്ദന്റെ സുഹൃത്തും നാട്ടുകാരനുമായ അബൂബക്കർ പറഞ്ഞു.
സദാനന്ദന് സ്വന്തമായി സ്ഥലമുണ്ട്. അഞ്ച് വർഷം മുൻപ് നാട്ടുകാർ ഉണ്ടാക്കി കൊടുത്ത തറയുമുണ്ട്. ഏതായാലും ചെറിയ മാനസിക പ്രശ്നമുള്ളയാളാണ് സദാനന്ദനെന്ന് നാട്ടുകാർ പറയുന്നു. ഈ അവസ്ഥ കണ്ട് വീട് നിർമിച്ചു നൽകാൻ സുമനസകളോ നഗരസഭ അധികൃതരോ തയാറാകുമെന്നാണ് സദാനന്ദന്‍റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

