മുകേഷിന് ഇക്കുറി സീറ്റുണ്ടാകില്ല; കൊല്ലത്ത് ജനകീയ സ്ഥാനാർഥിയെ തേടി സി.പി.എം
text_fieldsകൊല്ലം: രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച നടൻ മുകേഷിനെ ഇത്തവണ സി.പി.എം കൊല്ലത്ത് സീറ്റ് നൽകിയേക്കില്ല. പകരക്കാരനെ കണ്ടെത്താനായി ചർച്ച സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ മുകേഷിനേക്കാൾ കൂടുതൽ സ്വീകാര്യതയുള്ള സ്ഥാനാർഥിയെ കൊല്ലത്ത് നിർത്താനാണ് സി.പി.എം ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
2016ൽ 17611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുകേഷ് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2021ൽ വിജയം കൂടെ നിന്നെങ്കിലും ഭൂരിപക്ഷം നന്നായി കുറഞ്ഞു. എന്നാൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുകേഷിന് കാലിടറി. എൻ.കെ. പ്രേമചന്ദ്രൻ ഒന്നരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. ഇതോടെയാണ് മുകേഷിനെ വെച്ചുള്ള പരീക്ഷണം അവസാനിപ്പിക്കാൻ പാർട്ടി തീരുമാനമെടുക്കാൻ കാരണം എന്നാണ് റിപ്പോർട്ട്.
മാത്രമല്ല, മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും പാർട്ടിക്ക് തലവേദനയാണ്. കൊല്ലത്ത് സി.പി.എം ജില്ല ആക്റ്റിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ്. ജയമോഹന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്റെയും പേരുകളും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

