സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് മന്ത്രി രാജീവും ബ്രിട്ടാസും ഷംസീറും
text_fieldsകോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ബി.ജെ.പി സർക്കാറിനും സംഘ്പരിവാറിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി പി. രാജീവും ജോൺ ബ്രിട്ടാസ് എം.പിയും സ്പീക്കർ എ.എൻ. ഷംസീറും. നവോത്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് രാജീവും ബ്രിട്ടാസും രാജ്യത്തെ മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ആർ.എസ്.എസുമായി സംവദിച്ച് അവരുടെ സംസ്കാരം മാറ്റിയെടുക്കാനാകുമോ എന്ന് ജോൺ ബ്രിട്ടാസ് വേദിയിലുണ്ടായിരുന്ന മുജാഹിദ് നേതാക്കളെ ചൂണ്ടി ചോദിച്ചു. രാജ്യം അതി ഗൗരവതരമായ സാഹചര്യമാണ് അഭിമുഖീകരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. മുസ്ലിം നാമധാരിയായ ഒരാൾപോലും പാർലമെന്റിൽ ഇല്ലാത്ത കക്ഷിയാണ് ഇന്ത്യ ഭരിക്കുന്നത്. ഏകീകൃത സിവിൽകോഡ് വേണമെന്ന് വാദിക്കുന്നവർ ഭരിക്കുമ്പോൾ ക്രിമിനൽ നിയമം പോലും മതത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നു. അതാണ് മുത്തലാഖ് നിയമം. പൗരത്വ നിയമഭേദഗതി നിയമവും ഇതുപോലെതന്നെ. ഈ സാഹചര്യത്തിൽ ഭരണഘടന സംരക്ഷിക്കുകയാണ് നമ്മുടെ പ്രധാന ദൗത്യമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
182 അംഗ ഗുജറാത്ത് നിയമസഭയിൽ അവിടുത്തെ 10 ശതമാനം വരുന്ന മുസ്ലിം വിഭാഗത്തിൽനിന്ന് എം.എൽ.എ പോലും ബി.ജെ.പിക്കില്ലെന്ന് മാത്രമല്ല, എല്ലാവർക്കുംകൂടി ഒരു മുസ്ലിം അംഗം മാത്രമാണുള്ളതെന്നത് ഗൗരവമായി കാണണമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
ആർ.എസ്.എസുമായുള്ള സംവാദത്തിലൂടെ അവരുടെ തനതായ സംസ്കാരം മാറ്റാൻ കഴിയുമെന്ന് മുജാഹിദ് നേതൃത്വം കരുതുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മറുപടി പറയാൻ വിമുഖത കാണിക്കരുതെന്നും ഉറക്കെ പറയണമെന്നും വേദിയിലുണ്ടായിരുന്ന നേതാക്കളെ നോക്കി ബ്രിട്ടാസ് പറഞ്ഞു. രാജ്യത്തെ 20 കോടി വരുന്ന മുസ്ലിം ജനവിഭാഗം അത്രവലിയ അരക്ഷിതാവസ്ഥയാണ് അഭിമുഖീകരിക്കുന്നത്. യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ പോലും ഇങ്ങനെയൊരു സ്ഥിതിവിശേഷമില്ലെന്നും ബ്രിട്ടാസ് തുടർന്നു.
ഇന്ത്യയെ ഏകമത രാഷ്ട്രമാക്കാൻ ബി.ജെ.പി നേതൃത്വത്തിൽ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് സെക്യുലർ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ആൾക്കൂട്ടക്കൊല നിത്യസംഭവമായി. ഇഷ്ടമില്ലാത്ത മതക്കാരോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ ചെറുത്തുനിൽപ് ഉയർത്തുകയാണ് വേണ്ടത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ സംഘ്പരിവാർ ശ്രമിക്കുമ്പോൾ മറുഭാഗത്ത് ഇസ്ലാമിന്റെ പേരിൽ ഭീകരവാദവും തീവ്രവാദവും ഉയർത്താൻ ശ്രമിക്കുന്നതിനെതിരെ മുജാഹിദ് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഷംസീർ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി വി. മുരളീധരൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

