Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ ബഷീറിനെതിരെ...

പി.കെ ബഷീറിനെതിരെ മുജാഹിദ് സമ്മേളന വേദിയിൽ രൂക്ഷ പ്രതികരണവുമായി പിണറായി; ‘എന്തും പറയാൻ ലൈസൻസുള്ള ആൾ’

text_fields
bookmark_border
pk basheer -pinarayi vijayan
cancel

മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീർ എം.എൽ.എ മുജാഹിദ് സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നദ്‍വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനത്തിലെ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സമ്മേളനത്തിൽ ഹിന്ദുത്വ നേതൃത്വത്തെ പ​ങ്കെടുപ്പിച്ചതിനെതിരെ ജോൺ ബ്രിട്ടാസ് എം.പി വിമർശനം ഉന്നയിച്ചിരുന്നു. ഇതിൽ സമ്മേളനത്തിൽ സംബന്ധിച്ച് സംസാരിച്ച പി.കെ ബഷീർ എം.എൽ.എ ബ്രിട്ടാസിനെതിരെ രൂക്ഷ പ്രതികരണം നടത്തിയിരുന്നു.

തെറ്റായ ചില വാദഗതികൾ ഈ സമ്മേളനത്തിൽ തന്നെ ഉയർന്നതായി അറിയാൻ കഴിഞ്ഞു. എന്റെ ഒരു സുഹൃത്ത് ഈ വേദിയിൽ പ്രസംഗിച്ചതിന്റെ ഒരു ദൃശ്യം ഞാൻ യാത്രയിൽ കണ്ടു. പശ്ചിമ ബംഗാളിൽ ഞങ്ങൾക്ക് ഭരണം നഷ്ട​പ്പെട്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. എന്തും പറയാൻ ലൈസൻസുള്ള ആളാണ് അദ്ദേഹം. ഈ രാജ്യത്ത് ഒരു ന്യൂനപക്ഷ സമ്മേളനത്തിൽ വന്ന് സി.പി.എമ്മിനെ എതിർക്കാനാണോ അദ്ദേഹം ശ്രമിക്കേണ്ടത്. അദ്ദേഹത്തിന്റെ വാചകങ്ങൾക്ക് അതേപോലെ പ്രതികരിക്കാൻ ഞാൻ തുനിയുന്നില്ല. കക്ഷി രാഷ്ട്രീയം വേറെ. ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടി ഇവിടെയുണ്ട്. ഞാനീ വേദിയിൽ സംസാരിക്കുന്നു. ഞങ്ങൾ രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ ഉള്ളവരാണ്. പക്ഷേ, എന്താണ് എന്റെ പ്രസ്ഥാനം ഈ രാജ്യത്ത് വർഗീയതയെ എതിർക്കുന്നതിൽ ചെയ്യുന്നത്. എന്താണ് രാജ്യം അതിനോട് സ്വീകരിക്കുന്ന സമീപനം. ഇവിടെ ആർ.എസ്.എസ് സംഘ്പരിവാർ ഉണ്ട്. അവരുടെ ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കപ്പെടുകയാണ്. അത് കാണാതിരിക്കരുത്. ആ കാര്യത്തിൽ കേരളം വേറിട്ടുനിൽക്കുകയാണ്.

മതനിരപേക്ഷ ചിന്താഗതിക്കാർ ഒരുമിച്ചുനിൽക്കുന്നു. ആ ആപത്തിനെ തടയാനാണ് ശ്രമിക്കുന്നത്. ആ സമയത്ത് തെറ്റായ ചിത്രം വരച്ചുകാണിക്കുന്നത് നല്ലതല്ല. അദ്ദേഹം പറയുന്നത് കേട്ടു ‘നമ്മള്’ എന്ന്. ആരാണീ നമ്മള്. ഇന്ന് ഉയർന്നുവരുന്ന കാര്യങ്ങളെ നമ്മള് എന്ന വിഭാഗത്തിന് മാത്രം നേരിടാൻ കഴിയുമോ. അങ്ങേയറ്റം തെറ്റായ ആശയഗതി. സ്വയം കുഴിയിൽ വീഴരുത്. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ ന്യൂനപക്ഷ സംരക്ഷണം ഉണ്ടാകുകയുള്ളൂ എന്ന് തിരിച്ചറിയണം. അല്ലെങ്കിൽ ആപത്തിലേക്ക് ചെന്നുവീഴും. മഴു ഓങ്ങി നിൽക്കുന്നുണ്ട്. അതിന് താഴെ ചെന്ന് തലതാഴ്ത്തി നിൽക്കരുത്. മതനിരപേക്ഷ ശക്തികൾക്കെല്ലാം ഒന്നിച്ചുനിൽക്കാനാകണം. ഒറ്റക്ക് നേരിടൽ ആത്മഹത്യാപരമാണ്. മഹാവിപത്ത് അവിടെ നിൽക്കുന്നു. നേരിയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിക്കണമെന്നും പിണറായി പറഞ്ഞു.

ജോൺ ബ്രിട്ടാസ് സമ്മേളനത്തിൽ കൈ ചൂണ്ടി ചോദിച്ചതുപോലെ കാരന്തൂര് പോയി ചോദിക്കുമോ എന്നായിരുന്നു ബഷീറിന്റെ ചോദ്യം. ബംഗാളിൽ സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടതിനെകുറിച്ചും ബഷീർ സൂചിപ്പിച്ചിരുന്നു. കേരള നദ്‍വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംഘപരിവാർ ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കുന്നത് കാണാതിരിക്കരുതെന്ന് ​പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന സംഘടനകൾ സ്വയം വിമർശനം നടത്തണം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം. എതിർക്കേണ്ടതിനെ എതിർത്തുതന്നെ മുന്നോട്ടുപോകണമെന്നും പിണറായി പറഞ്ഞു.

ഇവിടെയുള്ള ശാന്തിയും സമാധാനവും സംരക്ഷിക്കാനാകണം. സമാധാനം മെച്ചപ്പെടുത്താനാകണം. മതനിരപേക്ഷത സംരക്ഷിച്ചു നിർത്താൻ മതരാഷ്ട്രവാദികളെ അകറ്റി നിർത്തണം. രാജ്യത്ത് വല്ലാത്തൊരു ആശങ്ക, ഭയപ്പാട് നിലനിൽക്കുന്നുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും ചില വിഭാഗങ്ങളിൽ, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്ക ശക്തിപ്പെട്ട് വരുന്ന അവസ്ഥ നാം കാണുന്നു. അതിന് ഇടയാക്കുന്നത് നമ്മുടെ രാജ്യത്ത് കേന്ദ്ര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ തന്നെ ഇടപെടലുകളാണ്. രാജ്യത്തെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ നിലപാടെടുത്ത സംഘടനകളുണ്ട്. രാജ്യത്ത് മഹാഭൂരിപക്ഷം മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. വർഗീയവാദികൾ രാജ്യ താൽപര്യത്തിന് എതിരായാണ് പ്രവർത്തിക്കുന്നത്. ഇത് നാം നേരത്തേ കണ്ടുവരുന്നതാണ്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ നാം തയ്യാറാകണം. തെറ്റിദ്ധരിപ്പിക്കപ്പെടാൻ പല മാർഗങ്ങളിലൂടെ ശ്രമിക്കുന്നു എന്നത് നാം തിരിച്ചറിയാതിരിക്കരുത്. അത് തിരിച്ചറിയാതിരിക്കുന്നത് സ്വയം ആപത്തിലേക്ക് തള്ളിവിടുന്നതിന് തുല്യം ആയിരിക്കുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വലിയ തോതിൽ ആക്രമിക്കപ്പെടുന്നു. ഒരുഭാഗത്ത് മതന്യൂനപക്ഷത്തെ ആക്രമിക്കുമ്പോൾ മറുഭാഗത്ത് മറ്റൊരു മതന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു. മതന്യൂനപക്ഷങ്ങളിലെ രണ്ട് പ്രബല വിഭാഗങ്ങളെ എടുത്താൽ ആ രണ്ട് വിഭാഗങ്ങളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽവെച്ച് ആക്രമിച്ചതായി നമുക്ക് കാണാൻ കഴിയും. എന്നാൽ, അത്തരത്തിലുള്ള ശക്തികൾക്ക് ഇടപെടാൻ കഴിയാത്തിടത്ത് രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ കഴിയുമോ എന്ന് അവർ ചിന്തിക്കുന്നു. എതിർക്കേണ്ടതിനെ എതിർത്തുപോരണം. അവിടെ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mujahid state conferencepk basheer mlaPinarayi Vijayan
News Summary - mujahid state conference; pinarayi replies to pk basheer
Next Story