മുജാഹിദ് സംസ്ഥാന സമ്മേളനം ഡിസം. 29ന് തുടങ്ങും
text_fieldsകോഴിക്കോട്: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) 10ാം സംസ്ഥാന സമ്മേളനം ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ കോഴിക്കോട്ട് നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ സ്വപ്നനഗരിയിലും കടപ്പുറത്തുമായാണ് ചതുർദിന സമ്മേളനം നടക്കുന്നത്.
നാലു വേദികളിലാണ് സെമിനാറുകളും ചർച്ചകളും നടക്കുക. ജനുവരി ഒന്നിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്താണ് സമാപന സമ്മേളനം. ലോകപ്രശസ്ത പണ്ഡിതരും നേതാക്കളും സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണർ, ചരിത്ര പണ്ഡിതർ, നിയമജ്ഞർ, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു.
അന്ധവിശ്വാസങ്ങൾ, ലഹരി, തീവ്രവാദം, ഫാഷിസം, മതനിരാസം, ലിബറലിസം തുടങ്ങി യുവതലമുറയെ ലക്ഷ്യംവെച്ച് നീങ്ങുന്ന തിന്മകൾക്കെതിരെ സമ്മേളനത്തിൽ ബോധവത്കരണം നടക്കും. രാജ്യത്തെ ഏറ്റവും ശക്തമായ മതന്യൂനപക്ഷം എന്ന നിലയിൽ മുസ്‍ലിം സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്യും.
വിപുലമായ വനിത സമ്മേളനവും ഒരുക്കും. വാർത്തസമ്മേളനത്തിൽ കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, വൈസ് പ്രസിഡന്റുമാരായ ഡോ. ഹുസൈൻ മടവൂർ, പി.കെ. അഹമ്മദ്, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, മീഡിയ വിഭാഗം കൺവീനർ നിസാർ ഒളവണ്ണ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

