എ. അബ്ദുസലാം സുല്ലമി അന്തരിച്ചു
text_fieldsഷാർജ: പ്രമുഖ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ എ. അബ്ദുസ്സലാം സുല്ലമി (66) ഷാർജയിൽ അന്തരിച്ചു. കുടുംബത്തോടൊപ്പം ദുബൈയിൽ താമസിക്കുന്ന ഇദ്ദേഹത്തെ ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ചയായി ഷാർജ അൽഖാസിമി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് മരണം.
കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ, അൽ ഇസ്ലാഹ് മാസിക എഡിറ്റർ, കോഴിക്കോട് ഐ.എച്ച്.ഐ.ആർ അക്കാദമി ഡയറക്ടർ, എടവണ്ണ ജാമിഅ നദ്വിയ്യ, എടക്കര ഗൈഡൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകൻ, വാഴക്കാട് ദാറുസലാം മഹല്ല് ഖാദി, നിരവധി മഹല്ലുകളിൽ ഖതീബ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2016ൽ വക്കം മൗലവി അവാർഡ് ലഭിച്ചിരുന്നു. സഹീഹുൽ ബുഖാരി മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് അദ്ദേഹമാണ്.
മതപണ്ഡിതനും പരിഷ്കർത്താവുമായ എ. അലവി മൗലവിയുടെയും പി.സി. പാത്തുമ്മക്കുട്ടിയുടെയും മകനായി 1950 ജൂൺ ഒന്നിന് മലപ്പുറം എടവണ്ണയിലാണ് ജനനം. അരീക്കോട് സുല്ലമുസലാം അറബിക് കോളജിലാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് സർക്കാർ ജോലിയിൽ പ്രവേശിച്ച അബ്ദുസലാം സുല്ലമി പിന്നീട് ജോലി രാജിവെച്ച് എടവണ്ണ ജാമിഅ നദ് വിയ അറബിക് കോളജിൽ അധ്യാപകനായി. അവിടെ 27 വർഷം അധ്യാപകനായി സേവനം ചെയ്തു.
ഫിഖ്ഹ്, ഖുർആൻ തഫ്സീർ, ഹദീസ്, അക്കീദ എന്നിവയുമായി ബന്ധപ്പെട്ടും മതത്തെയും മദ്ഹബുകളെയും താരതമ്യം ചെയ്തും 125 ൽപരം ഇസ്ലാമിക ഗ്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നൂറുൽ ഖുർആൻ എന്ന പേരിൽ മലയാളത്തിൽ രചിച്ച ഖുർആൻ പരിഭാഷയാണ് പ്രധാന കൃതി. സഹീഹുൽ ബുഹാരി തർജമ, റിയാദ് അസ് സാലിഹീൻ തർജമ, നൂറുൽ യക്കീൻ തർജമ, സഖാത്തും നൂതന പ്രശ്നങ്ങളും, ഷാഫി മദ്ഹബ്, ഹദീസിലെ സുന്നത്ത് ജമാഅത്ത്, ഇസ് ലാമിലെ പ്രതീക്ഷകൾ, പള്ളിയിലെ വനിതകളുടെ പ്രാർഥന, തൗഹീദ് -സംക്ഷിപ്ത പഠനം, സംഗീതവും സംഗീതോപകരണങ്ങളും, ഇസ് ലാമിലെ അടിസ്ഥാനതത്ത്വങ്ങള് എന്നിവയാണ് മറ്റ് പ്രധാന രചനകൾ.
ഭാര്യ: അസ്മാബി അൻവാരിയ്യ. മക്കൾ: മുനീബ (നഴ്സ്, ദുബൈ), മുജീബ, മുഫീദ (ദുബൈ), മുബീൻ (ദുബൈ). മരുമക്കൾ: നജീബ് തിരൂർക്കാട്, ജുനൈദ് കൊടുങ്ങല്ലൂർ, റാനിയ മേലാറ്റൂർ, അനസ് പത്തപ്പിരിയം (എല്ലാവരും ദുബൈ).
സഹോദരങ്ങൾ: ഇ. സഇൗദ് (എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ്), അബൂബക്കർ (വൈത്തിരി), അബ്ദുല്ല നദ്വി (ജാമിഅ നദ്വിയ്യ, എടവണ്ണ), മുജീബ് (അധ്യാപകൻ, ഇസ്ലാഹിയ ഒാറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ എടവണ്ണ), മുബാറക് (അധ്യാപകൻ, ജി.യു.പി സ്കൂൾ പത്തപ്പിരിയം), എ. ജമീല ടീച്ചർ എടവണ്ണ, റഹ്മാബി (പയ്യന്നൂർ). ഖബറടക്കം നടപടി ക്രമങ്ങൾക്കുശേഷം നാട്ടിലെത്തിച്ച് എടവണ്ണ ചെറിയപള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
