മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല; ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സമരം ഫോട്ടോ ഷൂട്ടിന് വേണ്ടി-മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയമായി നേരിടാൻ സാധിക്കാത്തത് കൊണ്ടാണ് വ്യക്തിപരമായി ആക്രമിക്കുന്നതെന്നും റിയാസ് പറഞ്ഞു. നിലവാരമില്ലാത്ത സൈബർ പ്രചാരണം സതീശൻ ഏറ്റുപിടിക്കുകയാണ്. സൈബറിടത്തിൽ ഇത്തരം പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത് സതീശനാണോയെന്ന് സംശയമുണ്ടെന്നും റിയാസ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല കേരളത്തിലെ മന്ത്രിമാർ. അദ്ദേഹം പറയുന്നത് കേട്ട് എപ്പോഴും മൂളിക്കൊണ്ടിരിക്കണമെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവ് നട്ടെല്ല് ആർ.എസ്.എസിന് പണയംവെച്ചിരിക്കുകയാണ്. പേരിന് വേണ്ടി ബി.ജെ.പിക്കെതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. സമരം ചെയ്തതിന്റെ പത്രകട്ടിങ് കാണിക്കേണ്ടി വരുന്നത് പ്രതിപക്ഷ നേതാവിന്റെ ഗതികേടാണ്.
നാല് എം.എൽ.എമാർ മാത്രമാണ് സതീശൻ പ്രതിപക്ഷ നേതാവാകണമെന്ന് പറഞ്ഞത്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. ഇതെല്ലാം സതീശന്റെ ഭാഗ്യമാണെന്നും റിയാസ് പരിഹസിച്ചു. നേരത്തെ എം.എൽ.എയായ ആദ്യ ടേമിൽ തന്നെ മന്ത്രിയാകാൻ കഴിഞ്ഞത് റിയാസിന്റെ ഭാഗ്യമാണെന്ന് വി.ഡി സതീശൻ പറഞ്ഞിരുന്നു.