കനയ്യകുമാർ ജെ.ഡി.യുവിൽ ചേരുന്നുവെന്ന പ്രചാരണം വ്യാജം -മുഹമ്മദ് മുഹ്സിൻ എം.എൽ.എ
text_fieldsപട്ടാമ്പി: സി.പി.ഐ നേതാവും വിദ്യാർഥി സമരങ്ങളിലൂടെ ശ്രദ്ധേയനുമായ കനയ്യകുമാർ ജെ.ഡി.യുവിൽ ചേരുന്നുവെന്ന പ്രചാരണം വ്യാജമെന്ന് ജെ.എൻ.യുവിൽ സഹപാഠിയായിരുന്ന മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ബിഹാറിലെ ജെ.ഡി.യു മന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെ ദേശീയ മാധ്യമങ്ങളക്കം കനയ്യകുമാർ ജെ.ഡി.യുവിൽ ചേരുന്നുവെന്ന തരത്തിൽ വാർത്ത നൽകിയിരുന്നു.
കനയ്യ സ്വന്തം പ്രദേശത്തെ ജനകീയപ്രശ്നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിനായി സന്ദർശിച്ച സംഭവം വളച്ചൊടിച്ച് വാർത്തയാക്കിയിരിക്കുകയാണെന്നും ഇത്തരം വ്യജ വാർത്തക്കാരോട് ഒന്നും പറയാനിലെന്നും മുഹമ്മദ് മുഹ്സിൻ പ്രതികരിച്ചു.
ബിഹാറിൽ മുൻനിര സി.പി.ഐ നേതാവ് കൂടിയായ കനയ്യയെ അടുത്തിടെ പാർട്ടി ശാസിച്ചിരുന്നു. പട്നയിൽ പാർട്ടി ആസ്ഥാനത്ത് സി.പി.ഐ പ്രവർത്തകനു നേരെ കനയ്യ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു ശാസന. ഇതിനുപിന്നാലെ ബിഹാർ മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ വലംകൈയുമായ അശോക് ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിറകെയാണ് അഭ്യൂഹങ്ങൾ ഉടലെടുത്തത്.

